Posted By saritha Posted On

Safest Seat On Flight: വിമാനത്തിൻ്റെ ഏത് ഭാഗമാണ് സുരക്ഷിതം? മുന്നിലോ മധ്യത്തിലോ പിൻഭാഗത്തോ? പഠനം പറയുന്നത്….

Safest Seat on Flight കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി വിമാനാപകടങ്ങളാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്നായി കേട്ടത്. നിരവധി പേര്‍ മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണകൊറിയയിലെയും കസാക്കിസ്ഥാനിലെയുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായുണ്ടായ വിമാനാപകടങ്ങളില്‍ വ്യോമയാനസുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ കൂട്ടി. ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തത്തിനാണ് ഡിസംബര്‍ 25 സാക്ഷ്യം വഹിച്ചത്. റഷ്യയിലേക്കുള്ള യാത്രാമധ്യേ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാക്കിസ്ഥാനിലെ അക്താവുവിന് സമീപം കാസ്പിയന്‍ കടലിന് കുറുകെയാണ് തകര്‍ന്നുവീണത്. ഈ അപകടത്തില്‍ 38 പേര്‍ മരിച്ചു. ഞായറാഴ്ച, ജെജു എയർ ബോയിംഗ് നാരോ ബോഡി വിമാനം ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനിടെ തകർന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 29 പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രണ്ട് വിമാനാപകടങ്ങളിലും ആഘാതവും അപകടത്തിന്‍റെ സാഹചര്യങ്ങളും തികച്ചും വ്യത്യസ്തമാണ്. അസർബൈജാൻ എയർലൈൻസ് എയർക്രാഫ്റ്റിന്‍റെ പിൻഭാ​ഗത്ത് ഇരുന്നവരാണ് രക്ഷപെട്ടവരിൽ ഭൂരിഭാഗവും. ദക്ഷിണ കൊറിയൻ അപകടത്തിൽ രക്ഷപ്പെട്ട രണ്ട് ജീവനക്കാരെയും വിമാനത്തിൻ്റെ പിൻഭാ​ഗത്തുനിന്നാണ് കണ്ടെത്തിയത്. ഇതിനുപിന്നാലെ വിമാനത്തിന്‍റെ ഏത് ഭാഗമാണ് ഏറ്റവും സുരക്ഷിതമെന്ന ചോദ്യം ഉയരുന്നുണ്ട്. വിമാനത്തിന്‍റെ പിന്‍ഭാഗത്തെ സീറ്റുകളാണോ, മുന്‍ഭാഗത്തെ സീറ്റുകളാണോ, അതോ മധ്യഭാഗത്തെ സീറ്റുകളാണോ ഏറ്റവും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതെന്നാണ് ഏവരുടെയും ആശങ്ക. മുൻപ് നടന്നിട്ടുള്ള അപകടങ്ങളെക്കുറിച്ചുള്ള പഠനങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നത് വിമാനത്തിൻ്റെ പിൻഭാഗത്തെ സീറ്റുകൾ മുൻവശത്തെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമെന്നാണ്. വിമാനത്തിൻ്റെ പിൻഭാഗത്തിൻ്റെ മധ്യഭാഗത്തെ സീറ്റുകളാണ് ഏറ്റവും സുരക്ഷിതമെന്ന് ടൈം മാ​ഗസിൻ നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘പോപ്പുലർ മെക്കാനിക്സ്’ എന്ന മാഗസിൻ 1971 നും 2005 നും ഇടയിൽ നടന്ന വിമാനാപകടങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ വിമാനത്തിൻ്റെ ഏറ്റവും പിറകിലുള്ള സീറ്റുകളാണ് ഏറ്റവും സുരക്ഷിതമെന്ന് പറയുന്നു. വിമാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ഇരിക്കുന്നവരെ അപേക്ഷിച്ച് പിന്നിൽ ഇരിക്കുന്ന യാത്രക്കാർക്ക് രക്ഷപെടാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് റിപ്പോർട്ടെന്ന് ഇന്ത്യടു‍ഡേ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രാഷ് ലാൻഡിംഗ്, കൂട്ടിയിടി, അല്ലെങ്കിൽ റൺവേ മറികടന്ന് മുന്നോട്ടുപോകൽ തുടങ്ങിയ സംഭവങ്ങളിൽ ആദ്യം ആഘാതം നേരിടുന്നതിനാൽ മുൻ സീറ്റുകൾ കൂടുതൽ അപകടകരമാണ്. എമർജൻസി എക്സിറ്റുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന മധ്യ നിരകൾ എന്നും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. വിമാനത്തിന്‍റെ മുന്നിൽ ഇരിക്കുന്നവർക്ക് 49 ശതമാനം രക്ഷാസാധ്യതയാണ് ഉള്ളതെന്ന് യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രപ്രവർത്തകൻ മാക്സ് ഫോസ്റ്ററർ നടത്തിയ പഠനത്തില്‍ പറയുന്നു. ചിറകുകളുടെ മധ്യത്തിൽ ഇരിക്കുന്നത് 59 ശതമാനവും വിമാനത്തിൻ്റെ പിൻഭാഗത്ത് ഇരിക്കുന്നവർക്ക് 69 ശതമാനവുമാണ് രക്ഷാ സാധ്യതയായി കണക്കാക്കുന്നത്. ടൈം മാ​ഗസിൻ നടത്തിയ പഠനം അനുസരിച്ച്, വിമാനത്തിൻ്റെ പിൻഭാഗത്തിൻ്റെ മധ്യഭാഗത്തെ സീറ്റുകളാണ് ഏറ്റവും സുരക്ഷിതം. ഇവിടെ മരണനിരക്ക് 28 ശതമാനമാണ്. സുരക്ഷിതമായ രണ്ടാമത്തെ ഓപ്ഷൻ വിമാനത്തിൻ്റെ മധ്യഭാഗത്തുള്ള സീറ്റുകളാണ്. മരണനിരക്ക് ഇവിടെ 44 ശതമാനമാണ്. 35 വർഷത്തെ വിമാനാപകടങ്ങളിൽനിന്നുള്ള വിവരങ്ങൾ പ്രകാരമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. വിമാനത്തിന്‍റെ ഒരു ഭാ​ഗവും അതീവസുരക്ഷിതമെന്ന് പറയാനാകില്ല. അതേസമയം, മിക്ക ആധുനികപാസഞ്ചർ വിമാനങ്ങളും ചിറകുകൾ ഇന്ധന ടാങ്കുകളായി ഉപയോഗിക്കുന്നതിനാൽ ചിറകുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത കാരണം മധ്യഭാഗത്തെ സീറ്റുകൾ സുരക്ഷിതമല്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *