
എയര്‍പോര്‍ട്ടില്‍ വെച്ച് ശാരീരികമായി പരിശോധിച്ചു, ശുചിമുറി ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല; ദുരനുഭവം പങ്കുവെച്ച് സംരംഭക
യുഎസ് എയര്‍പോര്‍ട്ടില്‍ വച്ച് നേരിട്ട ദുരനുഭവം പങ്കുവെച്ച് സംരഭക. തന്‍റെ ബാഗില്‍ സംശയാസ്പദമായി പവര്‍ ബാങ്ക് കണ്ടെത്തിയത് പറഞ്ഞ് എട്ട് മണിക്കൂറോളം തണുത്ത മുറിയിലാക്കിയെന്ന് യുവസംരഭക ശ്രുതി ചതുര്‍വേദി പറയുന്നു. അലാസ്കയിലെ ആഞ്ചോറേജ് എയർപോർട്ടില്‍ വച്ചാണ് സംഭവം നടന്നത്. ഒരു ഉദ്യോഗസ്ഥന്‍ തന്നെ ശാരീരികമായി പരിശോധിച്ചതായും ശുചിമുറി ഉപയോഗിക്കാനുള്ള അനുമതി പോലും നല്‍കിയില്ലെന്നും ശ്രുതി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. എയര്‍പോര്‍ട്ട് സെക്യുരിറ്റി ഹാൻഡ്‌ബാഗിൽ ‘സംശയാസ്പദമായി’ ഒരു പവർബാങ്ക് കണ്ടെത്തിയതിനാലാണ് താന്‍ ഇതെല്ലാം നേരിട്ടതെന്ന് യുവതി പറയുന്നു. ശ്രുതി പങ്കുവെച്ച കുറിപ്പ്: പോലീസിന്‍റെയും എഫ്‌ബിഐയുടെയും പിടിയിലായി 8 മണിക്കൂർ ചോദ്യം ചെയ്യലുകൾക്കിരായി, ഏറ്റവും വിചിത്രമായ ചോദ്യങ്ങളെ നേരിട്ടു, ഒരു പുരുഷ ഉദ്യോഗസ്ഥനാല്‍ ക്യാമറയിൽ ശാരീരികമായി പരിശോധിക്കപ്പെട്ടു, ചൂടുള്ള വസ്ത്രങ്ങൾ അപ്രതീക്ഷിതമായി അഴിച്ചുമാറ്റി, മൊബൈൽ ഫോൺ, വാലറ്റ് ഒക്കെ പിടിച്ചെടുത്തു, തണുത്ത മുറിയിലാക്കി, ശുചിമുറി പോലും ഉപയോഗിക്കാനാവാതെ ഒരു ഫോൺ കോളും ചെയ്യാനുമുള്ള അനുമതിയില്ലാതെ, ഫ്ലൈറ്റ് നഷ്ടപ്പെട്ടു– ഇതെല്ലാം സംഭവിച്ചത് എയര്‍പോര്‍ട്ട് സെക്യുരിറ്റി നിങ്ങളുടെ ഹാൻഡ്‌ബാഗിൽ ‘സംശയാസ്പദമായി’ ഒരു പവർബാങ്ക് കണ്ടെത്തിയതിനാല്‍.
Comments (0)