12 വയസുകാരനായ അഹമ്മദിന് (സ്വകാര്യത സംരക്ഷിക്കുന്നതിനായി പേര് മാറ്റി) രണ്ട് വർഷമായി വിട്ടുമാറാത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നു. ദിവസം കഴിയുംതോറും ലക്ഷണങ്ങൾ കൂടി വന്നു വേദനയ്ക്കൊപ്പം തലകറക്കവും ബാലൻസ് പ്രശ്നങ്ങളും അനുഭവപ്പെട്ടു തുടങ്ങി. അവസാനം പനിയെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ അഡ്മിറ്റായി. അപ്പോഴാണ് കുട്ടിയെ ബാധിച്ച പ്രത്യേക രോഗത്തെ കുറിച്ച് അറിഞ്ഞത്. താമസിയാതെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് ഈ 12 വയസുകാരൻ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
നാളുകളായി തലവേദനയും കഴുത്ത് വേദനയും കുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നു. ക്രമേണ ബാലൻസ് പ്രശ്നങ്ങളും അനുഭവപ്പെട്ടപ്പോഴാണ് തലച്ചോറിന്റെ എംആർഐ സ്‌കാൻ പരിശോധിച്ചത്. അങ്ങനെയാണ് കുട്ടിക്ക് ചിയാറി വൈകല്യമുണ്ടെന്ന് കണ്ടെത്താനായതെന്ന് മെഡ്‌കെയർ ഓർത്തോപീഡിക്‌സ് ആൻഡ് സ്‌പൈൻ ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു. തലയോട്ടിയുടെ പിന്നിലെ മസ്തിഷ്ക കോശം സുഷുമ്നാ കനാലിലേക്ക് അസാധാരണമായി വളരുകയായിരുന്നു. ഇത് കുട്ടിക്ക് സ്കൂളിൽ ശ്രദ്ധ നഷ്ടപ്പെടാനും നിരന്തരമായ വേദനകൾക്കും കാരണമായി. ശസ്ത്രക്രിയയ്ക്ക് ശേഷം തലവേദനയുടെ ആവൃത്തിയിലും തീവ്രതയിലും മാറ്റമുണ്ടായെന്നും ഡോക്ടർ പറയുന്നു.
ഈ രോഗാവസ്ഥ കണ്ടെത്തിയില്ലായിരുന്നെങ്കിൽ കുട്ടിയുടെ ശാരീരിക പ്രവർത്തനങ്ങൾ തടസപ്പെടുമായിരുന്നു. കാൽനടയാത്ര പോലും ദുഷ്കരമായേനെ എന്നും ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു. പലപ്പോഴും ചിയാരി വൈകല്യം കണ്ടുപിടിക്കാതെ പോകുന്നുണ്ട്. കുട്ടിക്കാലത്ത് സ്കൂളിൽ പോകാനുള്ള മടികൊണ്ടായിരിക്കും കുട്ടികൾ തലവേദന, കഴുത്ത് വേദനയെന്നെല്ലാം പറയുന്നത് എന്ന് കരുതി പലരും കാര്യമാക്കാതെ പോകുന്നുണ്ട്. എന്നാൽ കുട്ടികൾക്കുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾ മാതാപിതാക്കൾ തള്ളിക്കളയരുതെന്ന് ഡോക്ടർ ഉപദേശിക്കുന്നു. ചിയാരി വൈകല്യം എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നതിൽ വ്യക്തമായ അറിവില്ല.