യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. മുംബൈ സ്വദേശി മന്ദീപ് സിംഗാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ഷാർജയിലെ വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയ മന്ദീപ് കളിക്കളത്തിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് എനർജി ഡ്രിങ്കും ജ്യൂസും മറ്റും കുടിക്കുകയും വിശ്രമിക്കുകയും ചെയ്തു. പിന്നീട് ആശ്വാസം തോന്നിയെങ്കിലും കളി തുടർന്നില്ല. മത്സരശേഷം ടീം അംഗങ്ങൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ കാറിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ വാഹനത്തിൽ വച്ച് സിപിആർ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണ കാരണം ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യയും രണ്ട് മക്കളുമുണ്ട്. 15 വർഷമായി യുഎഇ ആസ്ഥാനമായുള്ള വിമാനകമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. യുഎഇയിലെ കനത്ത ചൂടിൽ പകൽ സമയങ്ങളിൽ ഔട്ട്ഡോർ കായിക പ്രവർത്തനങ്ങളിലേർപ്പെടരുതെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq