കുട്ടികൾ പലപ്പോഴും ഭക്ഷണസാധനങ്ങൾ പോലെ കയ്യിൽ കിട്ടുന്ന പലതും വായിലിടാറുണ്ട്. ചെറിയ കളിപ്പാട്ടങ്ങൾ, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ, നാണയങ്ങൾ എന്നിവയൊക്കെ തൊണ്ടയിൽ കുടുങ്ങാം. അത് ശ്വസനാളം അടഞ്ഞുപോകാനിടയാക്കിയാൽ കൂടുതൽ അപകടം വിളിച്ചുവരുത്തും. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചത്. അടിമാലി കരിങ്കുള്ളം പള്ളിപ്പറമ്പിൽ ആന്റണി സോജന്റെയും ജീനയുടെയും മകൾ ജോയാന്ന സോജൻ ആണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭക്ഷണം ശ്വാസനാളത്തിലേക്ക് ഇറങ്ങിയതായിരുന്നു മരണകാരണം. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ചിലപ്പോൾ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചെന്ന് വരില്ല. അപ്പോൾ അടിയന്തര ശുശ്രൂഷ നൽകാൻ മറ്റുള്ളവർക്ക് സാധിച്ചാൽ ഒരു പക്ഷേ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചേക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
പലപ്പോഴും നാല് വയസിന് താഴെയുള്ള കുട്ടികളിലാണ് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളത്. കുഞ്ഞുങ്ങളുടെ ശ്വാസനാളം ചെറുതായതിനാൽ കടലമണികൾ പോലെ ചെറിയ വസ്തുക്കൾ പോലും അപകടം സൃഷ്ടിക്കാം. കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ചില ലക്ഷണങ്ങളിലൂടെ അത് തിരിച്ചറിയാം. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാത്തതിനാൽ സംസാരിക്കാനോ, കരയാനോ ആകാത്ത സ്ഥിതി, ശരീരത്തിൽ നീലനിറം പ്രത്യക്ഷപ്പെടൽ മുതലായവ കാണപ്പെടാം. അൽപ്പം മുതിർന്ന കുട്ടികളിലാണെങ്കിൽ തൊണ്ടയിൽ മുറുക്കിപ്പിടിച്ച അവസ്ഥ, പേടിച്ച മുഖഭാവം, ശ്രമിച്ചിട്ടും ശബ്ദം പുറത്തുവരാത്ത സ്ഥിതി തുടങ്ങിയവയൊക്കെ ഇതിന്റെ സൂചനകളാണ്. ശ്വാസംമുട്ടൽ ഉണ്ടെങ്കിലും കുട്ടിക്ക് കരയാനോ ചുമയ്ക്കാനോ പറ്റുന്ന അവസ്ഥയിലാണെങ്കിൽ ശ്വാസനാളം പൂർണമായി അടഞ്ഞുപോയിട്ടില്ല എന്നാണർഥം. ശ്വാസനാളം പൂർണമായും അടഞ്ഞാൽ അടിയന്തര സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ശ്വാസം കിട്ടാത്ത സാഹചര്യമാണ് ഉണ്ടാവുക.
ചെറിയ കുഞ്ഞുങ്ങളിലാണ് അപകടമുണ്ടായതെങ്കിൽ, തള്ളവിരലും ചുണ്ടാണി വിരലിനുമിടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുന്ന വിധത്തിൽ കുഞ്ഞിനെ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തണം. കുഞ്ഞിന്റെ രണ്ട് കാലുകളും കൈത്തണ്ടയുടെ രണ്ടു ഭാഗത്തുമായിരിക്കണം. കുഞ്ഞിന്റെ തലഭാഗം അല്പം കിഴോട്ടായി പിടിക്കുക. രക്ഷാപ്രവർത്തനം നടത്തുന്നയാളുടെ കാൽമുട്ട് മുന്നോട്ടാക്കി കുഞ്ഞിനെയെടുത്ത കൈക്ക് താങ്ങ് നൽകാം. കുനിഞ്ഞുനിന്ന് മറ്റേ കൈ കുഞ്ഞിന്റെ പുറത്ത് കൈപ്പലകൾക്കിടയിലായി വെച്ച് ശക്തിയായി 5 തവണ ഇടിക്കുക. കുലുക്കുന്ന വിധത്തിലാണ് കൈപ്പത്തികൾക്കിടയിൽ ഇടിക്കേണ്ടത്. ഈ കുലുക്കത്തിനിടയിൽ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്കുവരേണ്ടതാണ്. തൊണ്ടയിലെ വസ്തു പുറത്തേക്ക് വരുന്നില്ലെങ്കിൽ ഉടൻ നെഞ്ചിൽ മർദം നൽകണം. പുറത്ത് കൈപ്പത്തികൾക്കിടയിലായി 5 തവണ ഇടിച്ച ശേഷം കുഞ്ഞിനെ മറ്റേകൈയിൽ മലർത്തിക്കിടത്തുക. രണ്ടു വിരലുകൾ ഉപയോഗിച്ച് കുഞ്ഞിന്റെ നെഞ്ചിൽ 5 തവണ മർദം ഏൽപിക്കണം. ചുണ്ടുവിരലും നടുവിരലുമാണ് ഇതിനായി ഉപയോഗിക്കുക. പിന്നീട് വീണ്ടും പഴയപോലം കമിഴ്ത്തികിടത്തി മർദം കൊടുക്കുക. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തുപോകുന്നതു വരെയോ, കുഞ്ഞിൽ ചോക്കിങ് ലക്ഷണം മാറി കരയുന്നതു വരെയോ, വിദഗ്ധ ചികിത്സ ലഭ്യമാവുന്നതു വരെയോ പ്രഥമ ശുശ്രൂഷ നൽകണം. കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടാൽ സ്ഥിതി മോശമാണെന്ന് മനസിലാക്കാം. അപ്പോൾ കുഞ്ഞിനെ തറയിലോ മേശപ്പുറത്തോ മറ്റോ കിടത്തി പുനരുജ്ജീവന ചികിത്സ നൽകണം
കുഞ്ഞിന് ബോധം നഷ്ടപ്പെട്ടാൽ, കുഞ്ഞിനെ തറയിൽ മലർത്തിക്കിടത്തുക. എന്നിട്ട് വായ തുറന്ന് ശ്വാസവഴി നേരെയാക്കാം. വായിൽ എന്തെങ്കിലും അന്യവസ്തു വന്നുകിടപ്പുണ്ടെങ്കിൽ നീക്കാം. നഗ്നനേത്രം കൊണ്ട് കാണുന്ന വസ്തുവാണെങ്കിൽ വിരലിട്ട് എടുക്കാവൂ. അല്ലാതെ കാണാത്ത വസ്തുക്കൾ തൊണ്ടയിൽ വിരലിട്ട് എടുക്കാൻ ശ്രമിക്കരുത്. തുടർന്ന് കുഞ്ഞിന്റെ വായും മൂക്കും ഒന്നിച്ചു ചേർത്തുവെച്ച് ഒരു തവണ കൃത്രിമശ്വാസം നൽകുക. കുഞ്ഞിന്റെ പ്രതികരണം ശ്രദ്ധിക്കുക. നെഞ്ചിൽ ചലനമുണ്ടെങ്കിൽ 2 തവണ കൂടി ശ്വാസം നൽകാം. നെഞ്ചിൽ ചലനമില്ലെങ്കിൽ വായ ഒന്നുകുടെ പരിശോധിച്ച് ഒരു ശ്വാസം കൂടി നൽകുക. ഉടൻ നെഞ്ചിൽ മർദം ഏൽപിച്ചുള്ള പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ചാണ് കുഞ്ഞിന്റെ നെഞ്ചിൽ മർദം കൊടുക്കുക. മുലക്കണ്ണുകൾ മുട്ടുന്നവിധത്തിൽ ഒരു വരയും അതിനു ലംബമായി മറ്റൊരു വരയും വരച്ചാൽ നെഞ്ചിൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് വിരലുകൾകൊണ്ട് മർദം കൊടുക്കേണ്ടത്. മർദം ഏൽപിക്കുമ്പോൾ കുഞ്ഞിന്റെ നെഞ്ച് പകുതിയോളം താഴ്ന്നു വരണം. ഒരു മിനിറ്റിൽ 100 തവണ നെഞ്ചിൽ അമർത്തുന്ന വേഗത്തിൽ വേണം ഇങ്ങനെ ചെയ്യാൻ. 30 തവണ നെഞ്ചിൽ മർദം നൽകുമ്പോൾ രണ്ട് തവണ കൃത്രിമശ്വാസം എന്ന നിലയിലിത് ക്രമീകരിക്കണം.
4 വയസ്സിന് മുകളിലുള്ള കുട്ടികളിലാണ് ഇത്തരമൊരു സാഹചര്യമുണ്ടായത് എങ്കിൽ, കുട്ടിയെ പ്രഥമ ശുശ്രൂഷ നൽകുന്നയാൾ ഒരു മുട്ടുകുത്തി ഇരിക്കുക. മറ്റേ കാലിൽ കുട്ടിയെ ഇരുത്തി മുതിർന്നവരിൽ ചെയ്യുന്നതു പോലെ നെഞ്ചിനും വയറിനുമിടയിൽ മർദം ഏൽപിക്കുക. ഒരു മുഷ്ടി ചുരുട്ടി വയറ്റത്ത് നെഞ്ചിനും പൊക്കിളിനും മധ്യത്തിലായി വെക്കുക. മറ്റേ കൈ ചുരുട്ടിയ കൈയുടെ മേലെവെക്കുക. തുടർന്ന് നെഞ്ചിനും പൊക്കിളിനും മധ്യേയായി മുഷ്ടി കൊണ്ട് മുന്നോട്ടും പിറകോട്ടും തോണി തുഴയുന്നതുപോലെ ശക്തിയായി മർദം ഏൽപിക്കുക. മർദ്ദത്താൽ നെഞ്ചിൻകൂടിനുള്ളിൽ കുടുങ്ങിയ വസ്തു തള്ളി പുറത്തേക്ക് വരും. ഇതിനിടയിൽ കുട്ടിയുടെ ബോധം നഷ്ടമായാൽ ഉടൻ തന്നെ നെഞ്ചിൽ മർദ്ദം കൊടുക്കുകയും കൃത്രിമശ്വാസം കൊടുക്കുകയും വേണം.