യുഎഇയിലെ സ്വദേശികളും വിദേശികളും വേനൽ അവധി ആഘോഷിക്കാൻ വിദേശരാജ്യങ്ങളും മറ്റും സന്ദർശിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. അപ്പോഴാണ് പലർക്കും തങ്ങളുടെ പാസ്പോർട്ട് സസ്പെൻഡ് ചെയ്തെന്ന സന്ദേശം ലഭിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്-ദുബായ് എന്ന പേരിലാണ് പലർക്കം സന്ദേശം ലഭിച്ചിരിക്കുന്നത്. “നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്ന് പുറത്തുപോകുന്നതിൽ നിന്ന് നിങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നു. ദയവായി നിങ്ങളുടെ റസിഡൻഷ്യൽ വിലാസം പ്രഖ്യാപിക്കുക, അല്ലാത്തപക്ഷം നിങ്ങൾ ഇതിന് ബാധ്യസ്ഥനായിരിക്കും. 50,000 ദിർഹം പിഴയും രാജ്യം വിടുന്നതിന് തടസവും നേരിടും” എന്നാണ് പലർക്കും ലഭിച്ചിരിക്കുന്ന സന്ദേശം. യഥാർത്ഥത്തിൽ പണം തട്ടാനുള്ള തട്ടിപ്പുകാരുടെ പുതിയ മാർഗങ്ങളിലൊന്ന് മാത്രമാണിത്. നൈജീരിയ (+234), എത്യോപ്യ (+251) എന്നിവിടങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നത്.
യുഎഇയിലെ നിവാസികൾ തട്ടിപ്പിന് ഇരയാകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ടെക്സ്റ്റ് മെസേജുകളോട് പ്രതികരിക്കരുതെന്നും അജ്ഞാത സന്ദേശങ്ങളുമായി സംവദിക്കുന്നതോ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ ഒഴിവാക്കണമെന്നും ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി. കൂടാതെ കൂടുതൽ അന്വേഷണങ്ങൾക്കും പരാതികൾക്കുമായി 8005111 എന്ന നമ്പറിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV