വേനലവധി പ്രമാണിച്ച് നിരവധി പ്രവാസി കുടുംബങ്ങളാണ് സ്വദേശങ്ങളിലേക്ക് തിരിക്കുന്നത്. വീടടച്ച് പോകും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ തിരിച്ചെത്തുമ്പോൾ സ്ഥിതിഗതികൾ മോശമായി പോയേക്കും. പ്രധാനമായും വീട് വൃത്തിയാക്കിയിടുക എന്നുള്ളതാണ്. കിടപ്പുമുറിയും ഹാളും അടുക്കളയുമെല്ലാം വൃത്തിയാക്കണം. ഇല്ലെങ്കിൽ ഒരു മാസത്തെ അവധി കഴിഞ്ഞെത്തുമ്പോൾ എലിയോ പല്ലിയോ പാറ്റയോയെല്ലാം ഇവിടങ്ങളിൽ ഇടംപിടിച്ചിട്ടുണ്ടാകും. പലപ്പോഴായി വാങ്ങിയതും പിന്നീട് കഴിക്കാമെന്നോർത്ത് ബാക്കി വച്ചതുമായി നിരവധി ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിലുണ്ടായിരിക്കും. പോകും മുമ്പ് അവയെല്ലാം കളഞ്ഞ് ഫ്രിഡ്ജ് വൃത്തിയാക്കി വയ്ക്കണം. അല്ലെങ്കിൽ തിരിച്ചു വരുമ്പോഴേക്കും പൂപ്പൽ കയറിയിട്ടുണ്ടാകും. കൂടാതെ യാത്ര തിരിക്കുംമുമ്പ് മെയിൻ സ്വിച്ച് ഓഫ് ചെയ്യാനും മറക്കരുത്. കൂടാതെ വീട്ടിലെ ടാപ്പുകളെല്ലാം കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ട് വേണം യാത്ര തിരിക്കാൻ. പൈപ്പിൽ ലീക്കേജ് ഉണ്ടായാൽ വൻ തുക ബിൽ അടയ്ക്കേണ്ടതായി വരും.
സാധിക്കുമെങ്കിൽ വിശ്വസ്തരും പ്രിയപ്പെട്ടവരുമായവരെ വീടിന്റെ സ്പെയർ കീ ഏൽപ്പിക്കുക. അവരോട് വല്ലപ്പോഴും തുറന്ന് നോക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുക. ഇന്റർനെറ്റ് ഓഫാക്കാൻ മറക്കരുത്. ഇതിന് പുറമെ ബില്ലുകൾ അടക്കാൻ ശ്രദ്ധിക്കണം. ഫോൺ, ഇന്റർനെറ്റ്, ക്രെഡിറ്റ് കാർഡ് ബില്ലുകളെല്ലാം അടച്ചെന്ന് ഉറപ്പുവരുത്തണം. വണ്ടി ഓടിക്കാൻ അറിയുന്ന പ്രിയപ്പെട്ടവരോട് വാഹനങ്ങൾ ഇടയ്ക്കൊന്ന് സ്റ്റാർട്ടാക്കാൻ ആവശ്യപ്പെടണം. അതിനു സാധിക്കാത്തവർ ബാറ്ററി ഊരിവച്ച് വേണം പോകാൻ. നിങ്ങൾ നാട്ടിൽ പോകുമ്പോൾ വീടിന് പുറത്ത് വണ്ടി കിടന്ന് പൊടി പിടിച്ചാൽ നല്ലൊരു തുക പിഴയായി നൽകേണ്ടി വരും. നിങ്ങളുടെ അസാന്നിധ്യത്തിലും വാഹനം കഴുകാൻ ഏൽപ്പിക്കുന്നത് നല്ലതാണ്. അല്ലാത്തപക്ഷം തിരികെ യുഎഇയിലെത്തുമ്പോൾ വാഹനം പൊടിപിടിച്ച് കിടന്നതിന്റെ പേരിൽ 500 മുതൽ 3000 ദിർഹം വരെ പിഴ നൽകേണ്ടി വരും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV