മലയാളികൾക്ക് അഭിമാനിക്കാം, റോഡിന് മലയാളിയുടെ പേര് നൽകി യുഎഇ

മലയാളികൾക്ക് അഭിമാനിക്കാം, യുഎഇയിലെ റോഡിന് മലയാളിയുടെ പേര് നൽകി. അബുദാബി അൽ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിന് പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ജോർജ് മാത്യുവി​ന്റെ പേരാണ് നൽകിയിരിക്കുന്നത്. ഡോക്ടർ ജോർജ് മാത്യു യുഎഇ ആരോ​ഗ്യമേഖലയിൽ നിർവഹിച്ച സ്തുത്യർഹ സേവനത്തിനുള്ള ആദരമായാണ് റോഡിന് പേര് നൽകിയത്. യുഎഇ രാഷ്ട്രശിൽപി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം ചേർന്ന് നിർണായക സംഭാവനകളാണ് ഡോ. ജോർജ് മാത്യു രാജ്യത്തിന് നൽകിയത്. 57 വർഷമായി രാജ്യത്ത് നൽകിവരുന്ന സേവനങ്ങൾ കണക്കിലെടുത്താണിത്. രാജ്യത്തിനായി പ്രവർത്തിച്ചവരെ അനുസ്മരിക്കാനായി റോഡുകൾ നാമകരണം ചെയ്യുന്നെന്ന് മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു. യുഎഇയിക്കായി ചെയ്ത ആത്മാർത്ഥമായ സേവനങ്ങൾക്കുള്ള അം​ഗീകാരമായി തീരുമാനത്തെ കാണുന്നെന്ന് ഡോ. ജോർജ് മാത്യു പ്രതികരിച്ചു. “ഭാവി എന്താകുമെന്ന് നോക്കാതെ കഷ്ടതകൾ അവഗണിച്ചാണ് യുഎഇയിലെത്തിയ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചത്. റോഡ്, വൈദ്യതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു സഹായിക്കാനായിരുന്നു ശ്രമം. ബുദ്ധിമുട്ടുകൾ മറന്ന് രാജ്യത്തിനു വേണ്ടി നടത്തിയ സേവനങ്ങൾ തിരിച്ചറിയപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ്‌ പാസായി 1967ൽ അമേരിക്കയിലേക്ക് പോകാനിരിക്കെ 26ആം വയസിലാണ് ഡോ.ജോർജ് മാത്യുസ് മിഷനറിയായ സുഹൃത്തിൽ നിന്ന് അൽ ഐനിനെ കുറിച്ച് അറിയുന്നത്. അങ്ങനെ അമേരിക്കയ്ക്ക് പോകാനുള്ള തീരുമാനം റദ്ദാക്കി. അൽ ഐനിൽ ആദ്യ സർക്കാർ ഡോക്ടറെ തേടിയുള്ള ഭരണകൂടത്തിന്റെ തിരച്ചിലിന് മറുപടിയായി ജോർജ് മാത്യു അപേക്ഷ നൽകി. അതിന് പിന്നാലെ നിയമന അറിയിപ്പ് ലഭിച്ചു. ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദിന്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്ക് ആരംഭിച്ചു. ജനറൽ പ്രാക്ടീഷണറായാണ് സേവനം തുടങ്ങിയത്. അവിടത്തുകാർ മത്യസെന്നാണ് ഡോക്ടറെ വിളിച്ചിരുന്നതെന്ന് അദ്ദേഹം ഓർക്കുന്നു. അൽ ഐനി​ന്റെ വളർച്ചയുടെ ഘട്ടത്തിലും ഡോക്ടറും വളരുകയായിരുന്നു. മലേറിയ ഉൾപ്പെടെയുള്ള രോ​ഗങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന് ഷെയ്ഖ് സായിദ് ഡോക്ടർ ജോർജിനെ ഇംഗ്ലണ്ടിലേക്ക് അയച്ച് പഠിപ്പിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് ചുമതലകൾ നൽകിയപ്പോൾ വിദഗ്ധ പഠനത്തിന് ഭരണകൂടം ഹാർവാർഡിലേക്ക് അയച്ചു. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ, 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങിയ ചുമതലകൾ നിർവ​ഹിച്ചു. യുഎഇയിൽ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച ഡോക്ടർ ആരോഗ്യ മേഖയിലെ ജീവനക്കാരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും മുഖ്യ പങ്ക് വഹിച്ചിരുന്നു. യുഎഇ ഭരണാധികാരികളായ അൽ നഹ്യാൻ കുടുംബ ഡോക്ടറും ഡോ. ജോർജ് മാത്യുവായിരുന്നു. സമ്പൂർണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മകളുടെ വിദ്യാഭ്യാസത്തിന് ശേഷം ഭാര്യ വത്സയ്ക്കും കുടുംബത്തോടുമൊപ്പം നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ആ​ഗ്രഹം. എന്നാൽ 84ആം വയസിലും സേവന നിരതനായിരിക്കുകയാണ് ഡോക്ടർ ജോർജ് മാത്യു. ഇപ്പോൾ പ്രസിഡൻഷ്യൽ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിന്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഫറിനൊപ്പമാണ് പ്രവർത്തിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy