യുഎഇയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. കരുവാറ്റ സ്വദേശി എബി അബ്രഹാമിന്റെ കുടുംബത്തിന് 2,60,000 ദിർഹം (47 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി. അപകടം സംഭവിച്ച ബസിന്റെ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 ജൂലായ് 12ന് ദുബായ് ശൈഖ് സായിദ് അൽ മനാറ പാലത്തിലുണ്ടായ അപകടത്തിലാണ് എബി അബ്രഹാം മരിച്ചത്. അബുദാബിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. എബി ഉൾപ്പെടെ 14 പേർ സഞ്ചരിച്ചിരുന്ന മിനി ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം സിമന്റ് ബാരിയറിലിടിച്ചു തീപിടിക്കുകയായിരുന്നു. എബിയും മറ്റൊരു യാത്രക്കാരനുമാണ് അപകടത്തിൽ മരിച്ചത്. 12 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനമോടിച്ചിരുന്ന പാകിസ്താൻ പൗരന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായത്. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്ത് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിരുന്നു. ഫസ്റ്റ് ഇൻസ്റ്റന്റ് കോടതി മറ്റൊരാളുടെ ജീവനും സ്വത്തിനും അപകടം വരുത്തിയതിന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം ദിർഹം ദിയാധനം നൽകാൻ വിധിക്കുകയും ഒപ്പം മൂന്നുമാസം തടവും 1000 ദിർഹം പിഴയും വിധിക്കുകയും ചെയ്തു. തുടർന്ന് പാകിസ്താൻ സ്വദേശി വിധിക്കെതിരെ അപ്പീൽ പോയി. തുടർന്ന് ഡ്രൈവറുടെ അശ്രദ്ധയല്ല അപകടകാരണമെന്ന റിപോർട്ടിന്റെ അടിസ്ഥാനത്തിൽ അയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. പിന്നീട് സാമൂഹികപ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെയാണ് കേസ് വീണ്ടും പരിഗണനയ്ക്ക് എടുത്തത്. അനന്തരം ഇൻഷുറൻസ് തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഏഴ് മാസത്തോളമായി നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് എബിയുടെ കുടുംബത്തിന് അനുകൂലമായ വിധിയുണ്ടായത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9