അപകടമാണെന്നറിയാതെ, കുട്ടികൾ നാണയങ്ങളും ബാറ്ററികളും കാന്തങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കൾ വായിലിടുന്നതായ നിരവധി കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കേസുകൾ ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറഞ്ഞു. ഇത്തരം വസ്‌തുക്കൾ വായിലിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിലേക്കും നീക്കാമെന്ന് വിദഗ്ധർ പറയുന്നു. അത്തരം അടിയന്തിര സാഹചര്യങ്ങളിൽ മെഡിക്കൽ സേവനം ഉറപ്പാക്കണമെന്നും ഡോക്ടർമാർ അടിവരയിടുന്നു. ഈയിടെ ഏഴ് വയസുള്ള സുഡാനി പെൺകുട്ടി മൂന്ന് 1 ദിർഹം നാണയങ്ങൾ വിഴുങ്ങിയതിനെ തുടർന്ന് തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചിരുന്നു. കോയിൻ വിഴുങ്ങിയ ശേഷം കുട്ടിയിൽ പ്രത്യേകിച്ച് അസ്വസ്ഥതയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ കുട്ടിയുടെ മാതാപിതാക്കൾ അവളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ, എക്‌സ്-റേയിൽ ഒരു നാണയം കുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയതായും മറ്റ് രണ്ടെണ്ണം അവളുടെ വയറിലേക്ക് നീങ്ങിയെന്നും കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെയാണ് നാണയം പുറത്തെടുത്തത്. സമാനമായി കഴിഞ്ഞയാഴ്ച 8 വയസ്സുള്ള കുട്ടി ലിഥിയം ബാറ്ററി വിഴുങ്ങിയതിനെ തുടർന്ന് ബുർജീൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ അന്നനാളത്തിലായിരുന്നു ബാറ്ററി തങ്ങി നിന്നിരുന്നത്. കുറച്ചുനാളുകൾക്ക് മുമ്പ് ബാറ്ററി വിഴുങ്ങിയതിനെ തുടർന്ന് കൊച്ചുകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മാതാപിതാക്കളും പരിചാരകരും ജാഗ്രത പാലിക്കണമെന്നാണ് യുഎഇയിലെ ആശുപത്രികളിലുടനീളമുള്ള ഡോക്ടർമാർ അഭ്യർത്ഥിക്കുന്നത്. ഇത്തരം വസ്തുക്കൾ വിഴുങ്ങുന്നത് ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്ക് കാരണമാകുമെന്ന് തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സെൻ്റർ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ സ്പെഷ്യലിസ്റ്റ് ഹെഡും ക്ലിനിക്കൽ ലക്ചററുമായ ഡോ. മുഹമ്മദ് അഹമ്മദ് നബീൽ അബ്ദാസിസ് എൽഷോബാരി പറഞ്ഞു. “ചെറിയ കളിപ്പാട്ടങ്ങൾ, ബാറ്ററികൾ, നാണയങ്ങൾ, സൂചികൾ, പിന്നുകൾ, ഹെയർ ഇലാസ്റ്റിക്‌സ്, കൂടാതെ മീൻ മുള്ള് അല്ലെങ്കിൽ ചിക്കൻ അസ്ഥികൾ പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ പോലും കുടലിൽ പ്രവേശിക്കുമ്പോൾ ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകാം. വയറുവേദന, വയറുവീർപ്പ്, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ, ഇത് കുടൽ തകരാറിന് കാരണമാകാം”ഡോ എൽഷോബാരി പറഞ്ഞു. മത്സ്യത്തിന്റെ മുള്ള്, ചിക്കനോ മറ്റോ കഴിക്കുമ്പോഴുള്ള എല്ല്, സൂചി തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ കുടലിൻ്റെ ഭിത്തികളിൽ തുളച്ചുകയറുകയും പെരിടോണിറ്റിസിലേക്ക് നയിക്കുകയും അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്യും. കൂടാതെ അണുബാധയ്ക്കും കാരണമാകും. അതിനാൽ കുട്ടികൾ ഇത്തരത്തിൽ എന്തെങ്കിലും വിഴുങ്ങിയാൽ രോഗ ലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് പരിഗണിക്കാതെ തന്നെ, വൈദ്യോപദേശം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാണയമോ കളിപ്പാട്ടമോ മറ്റെന്തെങ്കിലുമോ വിഴുങ്ങിയാൽ കുട്ടി കരയുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെങ്കിൽ സിപിആർ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. അതേസമയം, കുട്ടി കരയുകയോ ചുമയ്ക്കുകയോ ആണെങ്കിൽ, സിപിആർ നടത്തരുത്. പകരം, ശ്വാസനാളത്തിൽ നിന്ന് വസ്തു നീക്കം ചെയ്യാൻ വയറിന് മുകളിൽ മർദം ഉപയോഗിക്കണം. ശിശുക്കളിൽ മർദ്ദത്തോടൊപ്പം കമിഴ്ത്തി കിടത്തി പുറത്തുതട്ടുകയും വേണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറഞ്ഞു.