
ഗതാഗതം കൂടുതൽ എളുപ്പമാകും, യുഎഇയിൽ കൂടുതൽ പാലങ്ങൾ വരുന്നു
ദുബായിലെ ഗതാഗത തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതുതായി മൂന്ന് പാലങ്ങൾ കൂടി വരുന്നു. അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് മൂന്നുപാലങ്ങളും യാഥാർത്ഥ്യമാവുക. പദ്ധതിയുടെ നാലാംഘട്ടത്തിന്റെ 45 ശതമാനം പൂർത്തിയായെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ശൈഖ് റാഷിദ് റോഡിനും ഫാൽക്കൺ ഇന്റർസെക്‌ഷനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാൻ ഓരോ ദിശയിലും മൂന്നുവരികളുള്ള 1335 മീറ്റർ നീളമുള്ള പാലം അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിലെ ആദ്യകരാറിൽ ഉൾപ്പെടുന്നതാണ്. ഇരുവശങ്ങളിലുമായി മണിക്കൂറിൽ 10,800 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. കൂടാതെ ഫാൽക്കൺ ഇന്റർസെക്‌ഷനിൽനിന്ന് അൽ വാസൽ റോഡിലേക്ക് നീളുന്ന മൂന്നുവരികളുള്ള 780 മീറ്റർ നീളത്തിലുള്ള രണ്ടാമത്തെ പാലത്തിലൂടെ മണിക്കൂറിൽ 5400 വാഹനങ്ങൾക്ക് പോകാം. ജുമൈര സ്ട്രീറ്റിൽനിന്നും അൽ മിന സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് രണ്ട് വരികളുള്ള 985 മീറ്റർ നീളമുള്ള മൂന്നാമത്തെ പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് പോകാം. ശൈഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവയിലൂടെ 13 കിലോമീറ്ററിലാണ് അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതി വ്യാപിച്ചുകിടക്കുന്നത്. 4.8 കിലോമീറ്ററിൽ റോഡുകൾ നിർമ്മിക്കുക, ജുമൈര സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, സബാഹ് അൽ അഹമ്മദ് അൽ ജാബർ സ്ട്രീറ്റുകളിൽ നവീകരിച്ച ജങ്ഷനുകൾ, ശൈഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റിലും രണ്ട് കാൽനടപ്പാലങ്ങൾ നിർമിക്കുക, സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ, ജലസേചനസംവിധാനം തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)