യുഎഇയിലെ പുതിയ മന്ത്രിസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും മുന്നിലാണ് മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും അധികാരമേറ്റു. വിദേശകാര്യ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചുമതലയേറ്റു. കായിക മന്ത്രിയായി അഹമ്മദ് ബെൽഹൗൾ അൽ ഫലാസി, വിദ്യാഭ്യാസ മന്ത്രിയായി സാറാ ബിൻത് യൂസഫ് അൽ അമീരി, മാനവ വിഭവശേഷി– സ്വദേശിവൽക്കരണ മന്ത്രിയായി ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ മന്നാൻ അൽ അവർ , സംരംഭകത്വ സഹമന്ത്രിയായി അലിയ ബിൻത് അബ്ദുല്ല അൽ മസ്റൂയി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നതിൽ മന്ത്രിമാർ വിജയിക്കട്ടേയെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആശംസ നേർന്നു. രാജ്യത്തിന് വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികവിദ്യ എന്നിവയിൽ മികവ് നേടാൻ സാധിക്കണം. സുസ്ഥിര വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന ഉണ്ടാകണമെങ്കിൽ വിദ്യാഭ്യാസരംഗം മെച്ചപ്പെടണമെന്നും നിരന്തര പരിശ്രമവും പുത്തൻ ആശയങ്ങളും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരായവരാണ് മന്ത്രിസഭയിലെത്തിയതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ആധുനികവൽക്കരണമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിൽ പരിധികളില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഖസർ അൽ വതൻ കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9