വിദേശയാത്രയ്ക്കായി പോകുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാസ്പോർട്ട്. വിദേശനാടുകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാരന്റെ പൗരത്വം ഉറപ്പാക്കാനുള്ള രേഖയാണിത്. എന്നാൽ വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാലോ? അത്തരമൊരു സാഹചര്യമുണ്ടായാൽ ആദ്യം ചെയ്യേണ്ടത് പൊലീസിൽ പരാതി നൽകുകയെന്നതാണ്. പാസ്പോർട്ട് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ വിദേശത്തായിരിക്കുമ്പോൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി രജിസ്റ്റർ ചെയ്യണം. പരാതിയുടെ കോപ്പിയും റിപ്പോർട്ടും സ്റ്റേഷനിൽ നിന്ന് വാങ്ങുകയും വേണം. കാരണം പാസ്പോർട്ട് നഷ്ടപ്പെട്ടെന്ന് തെളിയിക്കുന്നതാണ് ഈ പരാതി. പുതിയ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുവാനോ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുവാനോ എല്ലാം ഈ റിപ്പോർട്ട് ആവശ്യമാണ്. തുടർന്ന് ഇന്ത്യൻ എംബസിയുമായോ ഇന്ത്യൻ കോൺസുലേറ്റുമായോ ബന്ധപ്പെടണം. വിദേശത്തായിരിക്കെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ രണ്ട് തരത്തിൽ അപേക്ഷ നൽകാം. ഒന്ന്, പുതിയ പാസ്പോർട്ടിന് അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. പുതിയ പാസ്പോർട്ട് ലഭിക്കണമെങ്കിൽ ഒരാഴ്ചയെങ്കിലും സമയമെടുക്കും. കാരണം ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ പുതിയ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയാണ് ലഭ്യമാവുക. അതേസമയം പുതിയ പാസ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാൻ സാധിക്കില്ലെങ്കിൽ എമർജൻസി പാസ്പോർട്ടിന് അപേക്ഷിക്കാം. ഒരു പ്രാവശ്യം മാത്രമാണ് ഇത് ഉപയോഗിക്കാനാവുക. പാസ്പോർട്ട് നഷ്ടപ്പെട്ട ഒരു ഇന്ത്യൻ പൗരന്റെ യാത്രയ്‌ക്ക് അനുമതി നൽകാനായും ഇന്ത്യയിലേക്ക് മടങ്ങിവരുവാൻ സഹായിക്കാനുമാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
ആവശ്യമായ രേഖകൾ
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ നിലവിലെ മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ, ജനനത്തിയതി തെളിയിക്കുന്നതിനുള്ള രേഖ, പാസ്‌പോർട്ട് എങ്ങനെ എവിടെവച്ച് നഷ്ടപ്പെട്ടു അല്ലെങ്കിൽ കേടായി എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം (അനുബന്ധം ‘എഫ്’), പോലീസ് റിപ്പോർട്ടിൻറെ അസ്സൽ, പഴയ പാസ്പോർട്ടിന്റെ കോപ്പികൾ ലഭ്യമാണെങ്കിൽ ECR/Non-ECR പേജ് ഉൾപ്പെടെ ആദ്യത്തെ രണ്ട് പേജുകളുടെയും അവസാനത്തെ രണ്ട് പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി യഥാർത്ഥ EC/ സീഷർ മെമ്മോ എന്നിവ ഹാജരാക്കണം. നിങ്ങളുടെ പഴയ പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പി നിർബന്ധമല്ല. എന്നാൽ പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ, പാസ്‌പോർട്ട് നമ്പർ, ലഭ്യമായ തീയതി, സാധുത അവസാനിക്കുന്ന തീയതി, ഇഷ്യൂ ചെയ്ത സ്ഥലം തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതുണ്ട്. എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷിക്കുവാനായി നഷ്ടപ്പെട്ടുപോയ പാസ്പോർട്ടിന്റെ ഇരുവശവും ഉൾപ്പെടുന്ന കോപ്പി, പോലീസ് റിപ്പോർട്ടിൻറെ പകർപ്പ് ,പാസ്പോർട്ട് സൈസ് ഫോട്ടോ, EAP-2 ഫോം സമർപ്പിക്കുന്നതിനുള്ള അപേക്ഷ എന്നിവയാണ് നൽകേണ്ടത്. ഇരുമാർഗങ്ങളിലും നിങ്ങളുടെ വിസ സ്റ്റാംപ് ചെയ്യേണ്ടതാണ്
വിസ റീ-ഇഷ്യൂ, ഫ്ലൈറ്റ് റീഷെഡ്യൂൾ
പാസ്പോർട്ട് നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ വിസയും നിങ്ങൾക്ക് നഷ്ടമാകും. അതിനാൽ വിസ റീ ഇഷ്യൂ ചെയ്യാൻ അപേക്ഷിക്കണം. അതിനായി, നിങ്ങളുടെ വിസ ആദ്യം നൽകിയ രാജ്യം ഏതാണോ അതിന്റെ എംബസി സന്ദർശിച്ച് അപേക്ഷിച്ചാൽ നിങ്ങൾക്ക് വിസ തിരികെ ലഭിക്കും. ഇതിനായി നിങ്ങളുടെ പഴയ വിസയുടെ പകർപ്പും ഫയൽ ചെയ്ത പോലീസ് റിപ്പോർട്ടും സമർപ്പിക്കണം. വിസ ലഭ്യമാക്കുവാൻ നിങ്ങളുടെ പുതിയ പാസ്‌പോർട്ടും കൂടാതെ/അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റും ആവശ്യമാണ്. തുടർന്ന് നിങ്ങളുടെ ഫ്ലൈറ്റ് റീഷെഡ്യൂൾ ചെയ്യുകയും യാത്രാ ഇൻഷുറൻസ് കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്. അപ്രതീക്ഷിതമായി പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ബുക്ക് ചെയ്ത ഫ്ലൈറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഫ്ലൈറ്റ് റീഷെഡ്യൂൾ ചെയ്യുന്നതാണ് ഉചിതം. അതിന് വേണ്ടി എയർലൈൻ അധികൃതരുമായി ബന്ധപ്പെടണം. കൂടാതെ
പൊലീസ് റിപ്പോർട്ടോടു കൂടി യാത്രാ ഇൻഷുറൻസുമായും ബന്ധപ്പെടുക. ചിലപ്പോൾ നഷ്ടപരിഹാരതുക ലഭിച്ചേക്കും.