നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുവൈറ്റിലെത്തിയ നാലംഗ മലയാളി കുടുംബത്തിന്റേത് വിഷപ്പുക ശ്വസിച്ചുള്ള മരണം. ഫ്ലാറ്റിലെ എസിയിൽ നിന്നു തീപടർന്നുണ്ടായ വിഷപ്പുകയാണ് ശ്വസിച്ചത്. തീപടർന്നതിനെ തുടർന്ന് അഗ്നിശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലിതകർത്ത് അകത്തു കടന്നപ്പോഴേക്കും നാല് പേരും മരിച്ചിരുന്നു. തിരുവല്ല നിരേറ്റുപറം സ്വദേശി മാത്യു മുളക്കൽ (38), ഭാര്യ ലിനി ഏബ്രഹാം (35) മകൾ ഐറിൻ (13) മകൻ ഐസക്ക് (7) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിൽ തീപടർന്ന വിവരം കേട്ട് സഹോദരി അന്വേഷിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത് മാത്യുവിന്റെ ഫ്ലാറ്റിലാണെന്ന വിവരം അറിയുന്നത്. അവധി കഴിഞ്ഞ് ഇന്നലെ വൈകുന്നേരം 5ന് ആണ് കുടുംബം നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. യാത്രാ ക്ഷീണത്തിൽ ഉറങ്ങിപ്പോയതാകാം. രാത്രി ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉറക്കത്തിൽപ്പെട്ടു പോയതുകൊണ്ട് അപകടം അറിഞ്ഞില്ലെന്നാണ് നിഗമനം. റോയിട്ടേഴ്സിൽ വിവര സാങ്കേതിക വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ് മാത്യു. അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ് ലിനി. ഭവൻസ് സ്കൂളിൽ ഐറിൻ ഒൻപതാം ക്ലാസിലും ഐസക്ക് രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9