വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ ജിൻഡാൽ സ്റ്റീൽ മുൻ സിഇഒക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കൊൽക്കത്ത – അബുദാബി വിമാനത്തിൽ വച്ചാണ് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവമുണ്ടായത്. ജിൻഡാൽ സ്റ്റീലിന്റെ പങ്കാളിയായ ഒമാനിലെ വൾകൻ ഗ്രീൻ സ്റ്റീൽ സിഇഒ ദിനേഷ് കുമാർ സരോഗിക്കെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ദിനേഷ് കുമാറിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയെ നീലച്ചിത്രം കാണിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ചെന്നും യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തി. ദിനേഷ് കുമാർ കടന്നു പിടിക്കാൻ ശ്രമിച്ചതോടെ യുവതി സീറ്റിൽനിന്ന് എഴുന്നേറ്റ് എത്തിഹാദ് എയർലൈൻസ് ജീവനക്കാരുടെ അടുത്ത് പരാതിപ്പെട്ടു. എന്നാൽ അമേരിക്കയിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിനുള്ള സമയമായിരുന്നതിനെ തുടർന്ന് പരാതി നൽകാനായില്ലെന്നും കൊൽക്കത്ത പൊലീസിന് പരാതി നൽകുമെന്നും യുവതി പറഞ്ഞു. സംഭവത്തെ തുടർന്ന് ജിൻഡാൽ സ്റ്റീൽ പ്രതികരണവുമായി രംഗത്തെത്തി. 65 കാരനായ ദിനേഷ് കുമാർ ഒരു വർഷം മുൻപ് സ്ഥാപനത്തിൽനിന്നു രാജിവച്ചെന്നും ഇപ്പോൾ അദ്ദേഹവുമായി സ്ഥാപനത്തിന് ബന്ധമില്ലെന്നും ജിൻഡാൽ സ്റ്റീൽ പറഞ്ഞു. സിഇഒയോട് നിർബന്ധിത അവധിയിൽ പോകാൻ ആവശ്യപ്പെട്ടെന്നും അന്വേഷണമുണ്ടാകുമെന്നും വൾകൻ ഗ്രീൻ സ്റ്റീലും അറിയിച്ചു. ജിൻഡാൽ സ്റ്റീൽ ചെയർമാനും ബിജെപി എംപിയുമായ നവീൻ ജിൻഡാലിനെ യുവതി ടാഗ് ചെയ്തിരുന്നു. ശക്തമായ നടപടിയുണ്ടാകുമെന്ന് നവീൻ ജിൻഡാലും അറിയിച്ചു. വെബ് സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ജിൻഡാൽ സ്റ്റീലിന്റെ പങ്കാളിത്തത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9