പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രവാസി സംഘടനകൾ ഡൽഹിയിലേക്ക്. പ്രവാസി സംഘടനകളുടെ പ്രതിനിധിസംഘം ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്നപേരിൽ ഡൽഹിയിൽ പ്രത്യേകപരിപാടി സംഘടിപ്പിക്കും. ആഗസ്റ്റ് എട്ടിനാണ് പ്രവാസി പ്രതിനിധിസംഘം ഡൽഹിയിലേക്ക് എത്തുക. കേരളത്തിൽ നിന്നുള്ള എംപിമാരെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാൻ ശ്രമം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അബുദാബി കെഎംസിസി, ഡൽഹി കെഎംസിസി എന്നിവയുടെ നേതൃത്വത്തിൽ മുപ്പതോളം പ്രവാസി സംഘടനകളുടെ 200 പ്രതിനിധികൾ പങ്കെടുക്കും. ഡൽഹി കോൺസ്റ്റിറ്റ്യൂഷണൽ ക്ലബ്ബ് ഹാളിൽ വെച്ചായിരിക്കും സമ്മിറ്റ് നടക്കുക. ഡയസ്പോറ സമ്മിറ്റിൻ്റെ ആദ്യഘട്ടം ഇക്കഴിഞ്ഞ ഫെബ്രുവരി 11, മേയ് അഞ്ച് തീയതികളിൽ ഡൽഹിയിൽ സംഘടിപ്പിച്ചിരുന്നു.
സീസണിൽ വിമാന നിരക്കുകൾ ക്രമാതീതമായി ഉയർത്തുന്നതിനെതിരെ നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് പ്രവാസികൾ ഡൽഹിയിൽ സംഘടിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വിമാന ടിക്കറ്റ് നിരക്കുവർധന കൂടാതെ പ്രവാസി വോട്ടവകാശം, വിദ്യാഭ്യാസപ്രശ്നങ്ങൾ എന്നിവയും ഡയസ്പോറ സമ്മിറ്റിൽ ഉന്നയിക്കുന്നുണ്ട്. ഇതിൽ വിമാനടിക്കറ്റ് നിരക്കുവർധന ഇന്ത്യൻ പാർലമെന്റിൻ്റെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് സംഘടനകളുടെ ലക്ഷ്യം. ഈ വിഷയം പഠിക്കാനായി മുൻസർക്കാർ നിയോഗിച്ച പാർലമെന്ററികാര്യ ഉപസമിതി സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്തുകൊണ്ട് അനുകൂല തീരുമാനമുണ്ടാക്കുക എന്നതും മുഖ്യ അജൻഡയാണ്. പ്രചാരണ കൺവെൻഷൻ സേവനം യുഎഇ പ്രസിഡന്റ് രാജൻ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷനായി. വിവിധ സംഘടനാ ഭാരവാഹികളായ ബിസി അബൂബക്കർ, ബി യേശുശീലൻ, അൻസാർ, മേരി തോമസ്, ജോൺ സാമുവേൽ, ബഷീർ തുടങ്ങിയവർ സംസാരിച്ചു. നിസാമുദ്ദീൻ അസൈനാരു പിള്ള സ്വാഗതവും പി കെ അഹമ്മദ് നന്ദിയും പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9