ദുബായിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്കെല്ലാം ഇന്ത്യൻ പ്രവാസിയായ കേശവനെ ഓർമയുണ്ടാകും. ഓരോ വിദ്യാർത്ഥിയേയും മനസ്സുകൊണ്ട് അറിയുന്ന സ്കൂൾ ബസ് ഡ്രൈവറായിരുന്നു അദ്ദേഹം. 30 വർഷത്തിലേറെയായി സ്‌കൂളിൽ സേവനമനുഷ്ഠിച്ച കേശവൻ ഈ മാസമാദ്യം സ്വന്തം നാട്ടിൽ വച്ചാണ് അന്തരിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹമായിരുന്നു. 2000-ത്തിൻ്റെ തുടക്കത്തിൽ സ്‌കൂളിൽ നിന്ന് ബിരുദം നേടിയ മെഹ്‌നാസ് ഇല്യാസ് അദ്ദേഹത്തെ ഓർത്തെടുക്കുന്നത് ഇപ്രകാരമാണ്, ബസിൽ യാത്ര ചെയ്യുന്ന നാലായിരത്തോളം വിദ്യാർത്ഥികൾക്കും എവിടേക്കാണ് പോകേണ്ടതെന്നും അവരെ ഓരോരുത്തരെയും അദ്ദേഹത്തിന് വ്യക്തിപരമായി അറിയാമായിരുന്നു. ഓരോരുത്തരെയും എങ്ങനെയാണ് ഇപ്രകാരം ഓർത്തിരിക്കുന്നതെന്ന് തന്നെ അത്ഭുതപ്പെടുത്തിയിരുന്നെന്നും ഇല്യാസ് പറഞ്ഞു. പരിശീലന സെഷനുകൾക്കോ, മറ്റ് ക്ലാസിനോ വേണ്ടി പോവുകയാണെങ്കിലും അദ്ദേഹത്തോട് അത് പറഞ്ഞാൽ മാത്രം മതിയായിരുന്നു. അദ്ദേഹത്തിന്റെ തലയിൽ കമ്പ്യൂട്ടർ സംവിധാനം ഉള്ളത് പോലെയാണ്. കൃത്യമായി ഞങ്ങളെ എത്തിക്കുകയും ഓർത്തിരിക്കുകയും ചെയ്യാറുണ്ടെന്നും ഇല്യാസ് ഓർത്തെടുത്തു. പലർക്കും തങ്ങളുടെ കിന്റർഗാർട്ടൻ മുതൽ 12 വരെ തങ്ങളെ സുരക്ഷിതമായി സ്കൂളിലെത്തിച്ചയാളാണ് കേശവൻ. സ്‌കൂളിലെ മുൻ അധ്യാപികയായിരുന്ന ചാരു റൈസാദയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശ്വസ്തനായ സഹായികളിൽ ഒരാളായിരുന്നു കേശവൻ. ബാങ്കിൽ നിന്ന് പണം പിൻവലിക്കാനായി പോകാൻ അധ്യാപകർക്ക് ക്ലാസ് സമയങ്ങളിൽ സാധിച്ചിരുന്നില്ല. അപ്പോഴെല്ലാം അനേകം അധ്യാപകർ പിൻവലിക്കൽ ഫോറം പൂരിപ്പിച്ച് കേശവനെ ഏൽപ്പിക്കും, വിശ്വസ്തതയോടെ അതെല്ലാം കേശവൻ ചെയ്യുമായിരുന്നു. ഒരിക്കൽ പോലും തനിക്ക് ഈ ഒരാവശ്യത്തിനായി ബാങ്കിൽ കയറേണ്ടി വന്നിട്ടില്ലെന്നും കേശവൻ വിശ്വസ്തതയോടെ പ്രവർത്തിച്ചെന്നും സ്കൂളിലെ മുൻ അധ്യാപിക ഓർത്തെടുത്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം ആത്മശാന്തി നേരുന്നെന്നും സ്കൂളിലെ മുൻകാല വിദ്യാർത്ഥികളും അധ്യാപകരും പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9