മണപ്പുറം ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ധന്യ പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ശേഷം ധന്യയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്‌ക്ക് കൊണ്ടുപോയി. സ്ഥാപനത്തിൽ നിന്ന് തട്ടിപ്പ് നടത്തി സ്വന്തമാക്കിയ പണം ധൂർത്തിനും ആഡംബരത്തിനുമായാണ് ചെലവിട്ടത്. കൂടാതെ ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങൾ ധന്യ കൈമാറിയിട്ടില്ല. കഴിഞ്ഞ 18 വർഷമായി തൃശൂർ വലപ്പാട്ടെ മണപ്പുറം കോംടെക് ധനകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജറായാണ് ധന്യ ജോലി നോക്കിയിരുന്നത്. കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്നാണ് എജിഎം, ധന്യ മോഹൻ പണം തട്ടിയത്. 18 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് അഞ്ച് വർഷം കൊണ്ടാണെന്ന് കൊല്ലം സ്വദേശിനിയായ ധന്യ മോഹൻ 19.94 കോടി തട്ടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
മാനേജ്മെന്റിൻ്റെ വിശ്വാസം നേടിയെടുത്തതിനാൽ തട്ടിപ്പ് അഞ്ചുവർഷം മൂടി വയ്ക്കാൻ കഴിഞ്ഞു. ഡിജിറ്റലായി വായ്പ അനുവദിക്കുന്ന വിഭാഗത്തിൽ ആയിരുന്നു ധന്യക്ക് ജോലി. വ്യാജ വിലാസത്തിൽ അക്കൗണ്ടുകൾ ഉണ്ടാക്കി വായ്പകൾ അതിലേക്ക് മാറ്റും. പിന്നീട് ഈ തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ധന്യയുടെ രീതി. ഭർത്താവ് വിദേശത്താണ്. വലപ്പാട്ടെ വീട്ടിൽ തനിച്ചായിരുന്നു താമസം. കൊല്ലത്തും സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആഡംബര കാർ വീട്ടിൽ ഉപേക്ഷിച്ചാണ് സ്ഥലംവിട്ടത്. ധന്യ മോഹൻ നാട്ടുകാരുടെ ആരോടും അടുപ്പം പുലർത്തിയിരുന്നില്ല. ധനകാര്യ സ്ഥാപനത്തിൻ്റെ സോഫ്റ്റ്‌വെയറുകൾ കൂടുതൽ പരിശോധിച്ചാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വ്യക്തമാകൂ. പിടിയിലാവും എന്ന ഘട്ടത്തിൽ യുവതി ശാരീരിക ബുദ്ധിമുട്ട് എന്ന് പറഞ്ഞാണ് ഓഫീസിൽ നിന്നും പോയത്.