ഒരു മനുഷ്യൻ എത്ര മണിക്കൂർ വരെ ഉറങ്ങണം? ഉറക്കം ശരീരത്തിന് ആവശ്യമായ ഒന്നാണ്. സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും മാനസികാരോഗ്യത്തിനും തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ആരോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോഗങ്ങൾക്കും പിന്നിൽ ഉറക്കക്കുറവാണ് കാരണമാകുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചാണ് ഉറക്കം എത്രത്തോളം വേണമെന്നത് നിശ്ചയിക്കുകയെന്ന് വിദഗ്ധർ പറയുന്നു. സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ (സിഡിസി) പറയുന്നത് പ്രകാരം 18-60 വയസ് പ്രായമുള്ള ആളുകൾക്ക് ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. നവജാതശിശുക്കൾ 14-17 മണിക്കൂർ വരെ ഉറങ്ങും. 6-12 വയസ്സ് വരെയുള്ള കുട്ടികളാണെങ്കിൽ 9-12 മണിക്കൂർ വരെ ഉറങ്ങണം.
നവജാതശിശുക്കൾ (0-3 മാസം) 14-17 മണിക്കൂർ
ശിശുക്കൾ (4-12 മാസം) 12-16 മണിക്കൂർ
കൊച്ചുകുട്ടികൾ (1-2 വയസ്) 11-14 മണിക്കൂർ
പ്രീസ്കൂൾ കുട്ടികൾ (3-5 വയസ് 10-13 മണിക്കൂർ
കുട്ടികൾ (6-12 വയസ്സ്) 9-12 മണിക്കൂർ
കൗമാരക്കാർ (13-17 വയസ്സ്) 8-10 മണിക്കൂർ
മുതിർന്നവർ (18-60 വയസ്സ്) 7 മണിക്കൂറോ അതിൽ കൂടുതലോ
മുതിർന്നവർ (61-64 വയസ്സ്) 7-9 മണിക്കൂർ
65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർ 7-8 മണിക്കൂർ