
ഇന്ത്യയിലെ എയർ പോർട്ടുകളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പ്
ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇ-ടിക്കറ്റുകളിൽ ബാർകോഡ് നിർബന്ധമാക്കി. നാളെ (ജൂലൈ 31) മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരും. ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന സുരക്ഷാ വിഭാഗമാണ് (ബിസിഎഎസ്-ഇന്ത്യ) പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. യാത്രക്കാരുടെ ഇ-ടിക്കറ്റുകളിലെ ബാർകോഡ് വിമാനത്താവളത്തിലെ ടെർമിനൽ പ്രവേശനത്തിനു മുമ്പ് സുരക്ഷ ഉദ്യോഗസ്ഥർ സ്കാൻ ചെയ്ത് യാത്രാ രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് ബാർകോഡുള്ള ഇ-ടിക്കറ്റുകൾ അനുവദിക്കാനുള്ള സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന് എല്ലാ വിമാന കമ്പനികൾക്കും മേയ് 10ന് ബിസിഎഎസ് നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ഇന്ത്യയിലെ ബജറ്റ് എയർലൈനുകളിൽ ഭൂരിഭാഗവും അനുവദിക്കുന്ന ഇ-ടിക്കറ്റുകളിൽ ബാർകോഡ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില കമ്പനികൾ ഇതുവരെ ബാർകോഡ് അനുവദിക്കാൻ തയാറായിട്ടില്ല. ബാർകോഡില്ലാത്ത ടിക്കറ്റുമായെത്തിയാൽ അവസാന നിമിഷം യാത്ര മുടങ്ങാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യം ഉറപ്പുവരുത്താൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുസംബന്ധിച്ച് അറിയിപ്പുകൾ ഗൾഫ് എയർ ഉൾപ്പെടെയുള്ള വിദേശ എയർലൈനുകൾ ട്രാവൽ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. ബാർകോഡില്ലാത്ത ടിക്കറ്റ് മൂലം യാത്ര മുടങ്ങിയാൽ തങ്ങൾ ഉത്തരവാദികളല്ലെന്നാണ് ഇതിൽ വ്യക്തമാക്കിയിട്ടുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)