ഉരുൾപൊട്ടലെന്ന ഞെട്ടിക്കുന്ന വാർത്തയറിഞ്ഞപ്പോൾ മുതൽ പ്രവാസിയായ ജിഷ്ണു വീട്ടിലേക്ക് വിളിക്കുകയാണ്. ഉരുൾപൊട്ടലിന്റെ കേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിവട്ടത്താണ് ജിഷ്ണു രാജന്റെ വീടുള്ളത്. വീട്ടിലെ ആരെങ്കിലുമൊന്ന് ഫോൺ എടുത്താൽ മാത്രം മതിയെന്നാണ് ജിഷ്ണു പറയുന്നത്. സൗദി അൽഹസയിലേക്ക് ജോലിക്കായി ആറ് മാസം മുമ്പാണ് എത്തിയത്. വീട്ടിൽ പിതാവ് രാജൻ, അമ്മ മരുതായ്, മൂത്ത സഹോദരൻ ജിനു(27), ജിഷ്ണുവിന്റെ ഇളയവരായ ഷിജു (25), ജിബിൻ(18) സഹോദരി ആൻഡ്രിയ(16), ജിനുവിന്റെ ഭാര്യ പ്രിയങ്ക (25), മുത്തശ്ശി നാഗമ്മ എന്നിവരാണ് ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞയുടനെ വീട്ടിലെ നമ്പറുകളിലും നാട്ടിൽ അറിയാവുന്നവരുടെ നമ്പറുകളിലുമെല്ലാം മാറി മാറി വിളിക്കുന്നുണ്ട്. എന്നാൽ സ്വിച്ച് ഓഫ് ആണെന്നോ പരിധിക്ക് പുറത്താണെന്നോ ആണ് കേൾക്കുന്നത്. തന്റെ പ്രിയപ്പെട്ടവർക്ക് എന്ത് സംഭവിച്ചെന്നറിയാതെ നീറികഴിയുകയാണ് ഇരുപത്തിയാറുകാരൻ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9ഇന്നലെ മുതൽ മഴ കനക്കുമെന്നും ജാഗ്രതാ നിർദേശവുമെല്ലാം വന്നതോടെ ആശങ്കയിലായിരുന്നു ജിഷ്ണു. രണ്ട് വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ നിന്ന് ഭാഗ്യം കൊണ്ടായിരുന്നു ജിഷ്ണുവിന്റെ കുടുംബം രക്ഷപ്പെട്ടത്. അന്ന് വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. അതിനാൽ തന്നെ കാലാവസ്ഥാ മുന്നറിയിപ്പ് വന്നതിന് പിന്നാലെ വീട്ടുകാരോട് റവന്യൂ അധികൃതരും പോലീസുമൊക്കെ അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അമ്മയുടെ സഹോദരിയായ വിജിയുടെ വീട്ടിലേക്കാണ് എല്ലാവരും മാറിയത്. എന്നാലിപ്പോൾ ഉരുൾപൊട്ടലിൽ ആ വീടും അപ്രത്യക്ഷമായെന്നാണ് അറിയാൻ സാധിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെയാണ് ജിഷ്ണു തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. സർക്കാർ സഹായത്തോടെയും ബാങ്കിൽ നിന്ന് വായ്പയെടുത്തുമാണ് വീട് നിർമിച്ചത്. അവസാനമുണ്ടായ പ്രകൃതിദുരന്തത്തിൽ വീട് ഭാഗികമായി തകർന്നതോടെ അതിനും പണം കണ്ടെത്തേണ്ട അവസ്ഥയായി. സർക്കാർ സഹായത്തോടെയും പലരിൽ നിന്നും കടം വാങ്ങിയുമാണ് വീടിന്റെ കേടുപാടുകൾ തീർത്തത്. ശാരീരിക അസ്വസ്ഥകളെ തുടർന്ന് കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന പിതാവിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. അമ്മ അർബുദ ബാധിതയാണ്. മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു വെൽഡറായി ജോലി ചെയ്യുന്ന മൂത്ത സഹോദരൻ ജിനുവിന്റെയും പ്രിയങ്കയുടെയും വിവാഹം. ഗർഭിണിയായ പ്രിയങ്ക സ്വന്തം വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് മുണ്ടക്കൈയിലുള്ള വീട്ടിലെത്തിയത്. ഇളയസഹോദരൻ ഷിജു സീരിയൽ മേഖലയിലാണ് ജോലി ചെയ്യുന്നത്. സഹോദരൻ ജിബിൻ നാട്ടിലെ സ്വകാര്യ റിസോർട്ടിലാണ് ജോലി ചെയ്യുന്നത്.
പ്ലസ് വൺ വിദ്യാർഥിനിയായ സഹോദരി ആൻഡ്രിയ എന്നിവരടങ്ങുന്നതാണ് ജിഷ്ണുവിന്റെ കുടുംബം. റിസോട്ടിൽ ജോലിക്കു പോയിരുന്നത് കൊണ്ട് ജിബിൻ സുരക്ഷിതനാണെന്നാണ് സൂചന. മേഖലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ അമ്മയുടെയും സഹോദരന്റെയും മൃതദേഹമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടെന്ന് ജിഷ്ണുവിന്റെ സഹപ്രവർത്തകർ പറയുന്നു. കുടുംബാംഗങ്ങൾ എവിടെ, എന്തു സംഭവിച്ചു തുടങ്ങിയ ആശങ്കകളും കുടുംബാംഗങ്ങൾ മരണപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമെല്ലാം വീടിനും വീട്ടുകാർക്കുമായി അന്യനാട്ടിൽ അധ്വാനിക്കുന്ന ഏതൊരു പ്രവാസിയെയും തകർക്കുന്നതാണ്. ഈ സാഹചര്യത്തിൽ ജിഷ്ണുവിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ കുഴയുകയാണ് ജിഷ്ണു ജോലി ചെയ്യുന്ന സ്ഥാപനം നടത്തുന്ന ഇന്ത്യൻ എംബസി ജീവകാരുണ്യവിഭാഗം വൊളണ്ടിയറുമായ പ്രസാദ് കരുനാഗപ്പള്ളിയും സഹപ്രവർത്തകരും. പ്രിയപ്പെട്ടവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ജിഷ്ണു നാട്ടിലേക്ക് തിരിച്ചുകഴിഞ്ഞു.