യുഎഇയിലെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദിന്റെ ഓഹരികൾ സ്വന്തമാക്കാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിൽ വ്യക്തത വരുത്തി വിമാനക്കമ്പനി. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നെന്നാണ് പ്രചരിക്കുന്നത്. പോസ്റ്റുകൾ വ്യാജമാണെന്നും ഇത്തിഹാദിന്റെ ബ്രാൻഡ് മൂല്യം ഉപയോഗിച്ച് നിക്ഷേപകരെ വഞ്ചിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കമ്പനി അറിയിച്ചു. കൂടാതെ വ്യാജ പ്രചരണങ്ങൾക്കെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇത്തിഹാദ് എയർവേസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം വ്യാജ നിക്ഷേപ സ്ഥാപനങ്ങളുമായി ഇടപെടുന്നതിനെതിരെ ഫെഡറൽ ഫിനാൻഷ്യൽ റെഗുലേറ്ററി ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ചിൽ ഇത്തിഹാദ് എയർവേയ്‌സ് സിഇഒ ആന്‍റോണാൾഡോ നെവ്‌സ് ഐപിഒ ലിസ്റ്റിങ്ങിനെക്കുറിച്ച് നടത്തിയ പരാമർശമാണ് പ്രാഥമിക ഓഹരി വിൽപനയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിതെളിച്ചത്. പ്രാഥമിക ഓഹരി വിൽപന വഴി മൂലധനം ശേഖരിച്ച് പൊതു വിപണിയിലേക്ക് എത്തിയാൽ കാരിയർമാർക്ക് പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഇത്തിഹാദ് എയർവേയ്‌സ് ഷെയറുകൾ സബ്സ്ക്രൈബ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് എസ്‌സിഎയും ഇത്തിഹാദ് എയർവേസും നിക്ഷേപകരോട് അഭ്യർഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9