യുഎഇയിൽ അറുപതിനായിരത്തിലധികം പേരുടെ മനസും വയറും നിറച്ച് ഇന്ത്യക്കാരി, ഫൂഡ് എടിഎമ്മിനെ കുറിച്ച്…

ഫുഡ് എടിഎമ്മിൻ്റെ സ്ഥാപകയായ ആയിഷ ഖാൻ പ്രതിദിനം ആളുകളുടെ വയറു നിറക്കാൻ അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. യുഎഇയിലുടനീളമുള്ള അഞ്ച് അടുക്കളകൾ രാപ്പകലില്ലാതെ തിരക്കിലാണ്. ദിവസന്തോറും ചെറിയ നിരക്കിൽ അറുപതിനായിരത്തോളം ആളുകളുടെ വയറു നിറയ്ക്കാനുള്ള ശ്രമത്തിലാണ് ആയിഷ. താനൊരിക്കലും ഒരു ബിസിനസല്ല നടത്തുന്നതെന്നും അവർ വ്യക്തമാക്കുന്നുണ്ട്. 2019-ൽ സ്ഥാപിതമായ ഫുഡ് എടിഎം, കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ഒരാശ്വാസമാണ്. 50 ഫിൽസ് മുതൽ 3 ദിർഹം വരെ നിരക്കിൽ പൂർണ്ണമായ ഭക്ഷണം വിൽക്കുന്ന സംവിധാനമാണിത്. ആ തുകയും താങ്ങാൻ കഴിയാത്തവരാണെങ്കിൽ അവർക്ക് സൗജന്യമായി നൽകും. കേവലമൊരു കാറ്ററിം​ഗ് സേവനത്തിനപ്പുറം സമൂഹത്തിൽ സ്വാധീനം ചെലുത്താനുള്ള ശ്രമമാണിതെന്ന് അവർ പറയുന്നു. ചെറിയ നിരക്കിൽ ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ ജീവിതം പുനർനിർമിക്കാൻ സഹായിക്കുകയും അവരുടെ കുടുംബങ്ങളുടെ ഭാവിയെ പിന്തുണയ്ക്കാൻ സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന് ഇന്ത്യക്കാരിയായ ആയിഷ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ഗുജറാത്തിലെ അഹമ്മദാബാദിൽ, ഇടത്തരം കുടുംബത്തിലാണ് ആയിഷ വളർന്നത്. പതിനേഴാം വയസിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ അവളുടെ ലോകവും ഇല്ലാതായി. ഭക്ഷണത്തി​ന്റെ വിലയെന്തെന്ന് അറിഞ്ഞ നാളുകൾ. ഒരു കപ്പ് കാപ്പി കുടിക്കുകയെന്നതു തന്നെ ആഡംബരമായിരുന്നു. വിശപ്പിനെയും ഭക്ഷണത്തെയും ആഴത്തിലറിഞ്ഞ നാളുകൾ. അതിൽ നിന്നാണ് വിശക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള പ്രചോദനം ആയിഷയ്ക്ക് ഉണ്ടായത്. ബിരുദത്തിന് ശേഷം ബിഎസ്എൻഎല്ലിൽ ജോലി ചെയ്തു. പിന്നീട് 2006ൽ ദുബായിലെത്തി. ഡുവിനൊപ്പം ടെലികോം എഞ്ചിനീയറായി ജോലി ചെയ്തു. ഐടി പ്രവർത്തനങ്ങൾക്കായി കമ്പനി തിരഞ്ഞെടുത്ത 60 വിദഗ്ധരിൽ ഒരാളായിരുന്നു ആയിഷ. പിന്നീട് ജോലിയിലെ സ്ട്രെസ് കുറയ്ക്കുന്നതിനും ആശ്വാസത്തിനുമായി പാചകം ആരംഭിച്ചു. പിന്നീടത് ചെലവു കുറഞ്ഞ രീതിയിൽ തൊഴിലാളികൾക്ക് നൽകുന്നതിലേക്ക് വഴിമാറി. അങ്ങനെ 2019ൽ അജ്മാനിൽ ആദ്യത്തെ ഫുഡ് എടിഎം ആരംഭിക്കുന്നതിന് ട്രേഡ് ലൈസൻസും ആവശ്യമായ എല്ലാ ഭക്ഷ്യ സുരക്ഷാ അനുമതികളും നേടി. ആദ്യകാലത്ത് ഒത്തിരിയേറെ നിന്ദനങ്ങളും ബുദ്ധിമുട്ടുകളുമേൽക്കേണ്ടി വന്നെന്ന് അവർ ഓർക്കുന്നു. എന്നാൽ കൊവിഡിന് ശേഷം ബിസിനസിൽ വളർച്ചയുണ്ടായി. മുമ്പ് തന്നെ നിരസിച്ച കമ്പനികൾ തന്നെ അവരുടെ തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി അവളെ തേടിയെത്തി. 2021-ൽ, ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി ഭക്ഷണം നൽകിയതിന് ഗിന്നസ് വേൾഡ് റെക്കോർഡെന്ന നേട്ടവും ആയിഷ സ്വന്തമാക്കി. എട്ട് മണിക്കൂറിനുള്ളിൽ 50,744 പേർ. യു.എ.ഇ ചാപ്റ്ററിൻ്റെ യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ടിൻ്റെ ഡയറക്ടർ ബോർഡ് അംഗമായും അവർ മാറി.

ഫൂഡ് എടിഎമ്മി​ന്റെ പ്രവർത്തനരീതി ഇപ്രകാരമാണ്, കോർപ്പറേറ്റ് ഓർഗനൈസേഷനുകൾ ജീവനക്കാർക്ക് ഭക്ഷണം നൽകുന്നതിന് വാർഷിക കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടാകും. പണമടച്ചതിൻ്റെ അടിസ്ഥാനത്തിൽ ഓരോ തൊഴിലാളിക്കും ഒരു ഫുഡ് എടിഎം കാർഡ് നൽകും. ഉപയോഗത്തിനനുസരിച്ച് ഓരോ മാസവും ഭക്ഷണത്തിൻ്റെ എണ്ണം കാർഡിൽ ചേർക്കുന്നു. കാർഡിൽ ഒരു നമ്പർ, വ്യക്തിയുടെ ഫോട്ടോ, ക്യുആർ കോഡ് എന്നിവ ഉൾപ്പെടുന്നുണ്ട്. കാർഡിലെ ബാലൻസ് പരിശോധിക്കാൻ സ്കാൻ ചെയ്യുകയും ചെയ്യും. തൊഴിലാളിയെ സ്പോൺസർ ചെയ്യുന്ന വ്യക്തികളോ കമ്പനികളോ ഭക്ഷണത്തിന് മുൻകൂട്ടി പണം നൽകണം. തുടർന്ന്, ബന്ധപ്പെട്ട ഭക്ഷണത്തിൻ്റെ കണക്കുകൾ ഉപയോഗിച്ച് കാർഡ് ലോഡുചെയ്യുന്നു. കരാറിലല്ലാത്ത തൊഴിലാളികൾക്ക് പണം കൊടുത്ത് കുറഞ്ഞ വിലയ്ക്ക് നേരിട്ട് ഭക്ഷണം വാങ്ങാം. പലപ്പോഴും തൊഴിലാളികൾക്ക് ശമ്പളം കിട്ടി കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും അവർ വീട്ടിലേക്ക് പണമയച്ചു കഴിഞ്ഞാൽ നിത്യോപയോ​ഗ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടും. ഇത്തരം ഘട്ടങ്ങളിലെല്ലാം, മാസം മുഴുവനും ഭക്ഷണം ഉറപ്പാക്കാനും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആയിഷ പറയുന്നു. ഈ സമീപനം ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക മാത്രമല്ല, ആയിരക്കണക്കിന് തൊഴിലാളികളെ അവരുടെ വരുമാനം കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

“യുഎഇയിൽ പ്രതിവർഷം 6 ബില്യൺ ദിർഹം വിലമതിക്കുന്ന ഭക്ഷണം പാഴാക്കപ്പെടുന്നുണ്ട്. അതായത് ഒരാൾക്കായി ഏകദേശം 226 കിലോ ഭക്ഷണമാണ് പാഴാക്കപ്പെടുന്നത്. ഈ ഭക്ഷണങ്ങളെല്ലാം ഫലപ്രദമായി പുനർവിതരണം ചെയ്യാൻ കഴിയുമോ എന്ന് ഓരോരുത്തരും ചിന്തിക്കണം. ലോകത്ത് ഭക്ഷണം പാഴാക്കുന്നതിൻ്റെ ആഘാതത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. ഇത് വീട്ടിൽ നിന്ന് ആരംഭിക്കണം“ എന്നും അവർ കൂട്ടിച്ചേർത്തു. അജ്മാൻ, റാസൽ ഖൈമ, ഷാർജ, അബുദാബി എന്നിവിടങ്ങളിലായി ഫൂഡ് എടിഎമ്മിന് ഔട്ട്ലെറ്റുകളുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy