വയനാട് ഉരുൾപ്പൊട്ടലിലെ ദുരിതബാധിതർക്ക് 50 വീടുകൾ വച്ചുനൽകുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായിയും ശോഭ ഗ്രൂപ്പിൻറെ ചെയർമാനുമായ പി.എൻ.സി. മേനോൻ പ്രഖ്യാപിച്ചു. ‘ഈ ദുരന്ത വേളയിൽ വയനാട്ടിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. 50 വീടുകൾ നിർമിച്ചു നൽകുന്നതിലൂടെ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസം മാത്രമല്ല, ദീർഘകാല പിന്തുണയാണ് ലക്ഷ്യമിടുന്നത്. നിഷ്പക്ഷമായ മാനദണ്ഡങ്ങളിലൂടെയായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക‘ എന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. വയനാട്ടിൽ 50 വീടുകൾ നിർമിച്ചു നൽകുന്നതിന് പുറെമ പാലക്കാട് ജില്ലയിലെ പിന്നോക്കം നിൽക്കുന്നവരായ ജനങ്ങൾക്ക് ശോഭ ഗ്രൂപ് 1000 വീടുകളും നിർമിച്ചു നൽകും. ശ്രീ കുറുമ്പ എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻറെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുക. പി.എൻ.സി. മേനോനെ കൂടാതെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആർ.പി ഗ്രൂപ് ചെയർമാൻ രവി പിള്ള എന്നിവരും വി.പി.എസ് ഹെൽത്ത് കെയർ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ തുടങ്ങിയ സ്ഥാപനങ്ങളും പ്രവാസി സംഘടനകളും ദുരിത മേഖലയിലുള്ളവർക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9