വിനോദമേഖലയിൽ സുപ്രധാന നാഴികക്കല്ല് കുറിച്ച് യുഎഇ. ആദ്യമായി അറബിയിലേക്ക് മൊഴിമാറ്റിയ മലയാള ചിത്രമായി ടർബോ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആക്ഷൻ പായ്ക്ക്ഡ് ചിത്രമായ ടർബോ ഇന്നലെ യുഎഇയിലെ തീയറ്ററുകളിൽ മൊഴിമാറ്റി റിലീസ് ചെയ്തു. യുഎഇയിൽ ആദ്യമായി എമിറാത്തികൾ ഡബ്ബ് ചെയ്ത മലയാളം ചിത്രമാണ് ടർബോ അറബിക്. പ്രശസ്ത എമിറാത്തി കണ്ടൻ്റ് ക്രിയേറ്റർ അഹ്മദ് അൽ മർസൂഖി, പ്രമുഖ കണ്ടന്റ് ക്രിയേറ്ററും ഇന്ത്യക്കാരനുമായ അഹമ്മദ് സലാ ഉൾപ്പെടെയുള്ളവരാണ് ചിത്രത്തിനായി ഡബ് ചെയ്തത്. എമിറാത്തിയായ അൽ മർസൂഖിക്ക് ഇന്ത്യൻ സിനിമകളോട് ഇഷ്ടം തോന്നി തുടങ്ങിയത് ആദ്യമായി അമ്മയ്ക്കൊപ്പം ഒരു ഹിന്ദി ചിത്രം കണ്ടതുമുതലാണ്. 1993-ൽ സഞ്ജയ് ദത്ത് അഭിനയിച്ച ഖൽ നായക് എന്ന ചിത്രമായിരുന്നു മർസൂഖി ആദ്യമായി കണ്ട ഹിന്ദി ചിത്രം. അന്നുമുതൽ ബോളിവുഡിലുള്ള എല്ലാ വാർത്തകളും സിനിമാവിശേഷങ്ങളും മർസൂഖി കൃത്യമായി മനസിലാക്കാറുണ്ട്. ആദ്യ ഹിന്ദി ചിത്രം കണ്ട് വീട്ടിലെത്തിയതിന് പിന്നാലെ വീട്ടിൽ ബോളിവുഡിനെക്കുറിച്ചുള്ള എല്ലാ ടിവി ചാനലുകളും വേണമെന്ന് നിർബന്ധം പിടിച്ചിരുന്നെന്നും വീട്ടുകാർ ബോളിവുഡ് വിക്കിപീഡിയ എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം ഓർക്കുന്നു. ഹിന്ദി സിനിമകൾ സബ്ടൈറ്റിലുകളില്ലാതെയാണ് കാണുന്നതെന്നും മർസൂഖി കൂട്ടിച്ചേർത്തു. ടർബോയിൽ നടത്തിയ പുതിയ ചുവടുവെയ്പ്പ് എമിറാത്തി യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്നതാണെന്ന് മർസൂഖി പറയുന്നു. ടർബോ അറബിക് വിജയിക്കുകയാണെങ്കിൽ ഇന്ത്യൻ സിനിമകൾക്കും മറ്റ് തരത്തിലുള്ള സിനിമകൾക്കും കൂടുതൽ ഡബ്ബിംഗ് സാധ്യതകൾ ഉണ്ടാകും.
ചിത്രത്തിനായി 11 യുവ എമിറാത്തി പ്രതിഭകൾ ഉൾപ്പെടെ 17 വോയ്‌സ് ആർട്ടിസ്റ്റുകളാണ് പ്രവർത്തിച്ചത്. ഇക്കൂട്ടത്തിൽ മലയാള ഭാഷയിൽ പ്രാവീണ്യമുള്ള രണ്ട് എമിറാത്തി പെൺകുട്ടികളുമുണ്ട്. നൂറയും മറിയം അൽ ഹെലാലിയും. മലയാളം സംസാരിക്കുന്ന ഈ എമിറാത്തികൾ അവരുടെ ഡബ്ബിംഗ് വെറും മൂന്ന് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. സ്ക്രിപ്റ്റ് അവർക്ക് ആവശ്യമില്ലായിരുന്നു, മലയാളത്തിൽ ഡയലോഗ് കേട്ട് സ്വയം അറബിയിലേക്ക് വിവർത്തനം ചെയ്തായിരുന്നു അവർ ഡയലോഗുകൾ പറഞ്ഞിരുന്നത്. ദുബായിലെ പ്രമുഖ കണ്ടൻ്റ് ക്രിയേറ്റർ അഹമ്മദ് സലായാണ് ചിത്രത്തിൽ മമ്മൂട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള ഈ ഇന്ത്യക്കാരൻ അറബി ഭാഷയിൽ പ്രാവീണ്യത്തിന് പേരുകേട്ടയാളാണ്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ചിത്രം മൊഴിമാറ്റം ചെയ്ത് ജിസിസിയിൽ വിതരണം ചെയ്യുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9