മറീന ബീച്ചിൽ പ്രാണനുവേണ്ടി വെള്ളത്തിൽ മുങ്ങിത്താണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ദുബായ് പൊലീസ്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിലായിരുന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരുടെയും വീരോചിതമായ പ്രവർത്തനത്തിന് അധികൃതർ പ്രശംസാപത്രം നൽകി ആദരിച്ചു. മറൈൻ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിലെ രണ്ട് ഓഫീസർമാരായ കോർപ്പറൽ അംജദ് മുഹമ്മദ് അൽ ബലൂഷി, കോർപ്പറൽ ഖമീസ് മുഹമ്മദ് അൽ ഐസായ് എന്നിവരെയാണ് ആദരിച്ചത്. യൂറോപ്യൻ യുവതി വെള്ളത്തിൽ മുങ്ങിത്താഴുന്നെന്ന റിപ്പോർട്ട് ലഭിച്ചയുടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയും ആംബുലൻസ് വരുന്നതുവരെ അടിയന്തര സഹായം ലഭ്യമാക്കുകയും ചെയ്തു. സമൂഹത്തിന് മികച്ച സേവനങ്ങൾ തുടർന്നും നൽകുന്നതിന് എല്ലാ ദുബായ് പോലീസ് ഉദ്യോഗസ്ഥരെയും പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ അംഗീകാരം ലക്ഷ്യമിടുന്നതെന്ന് തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസൻ സുഹൈൽ പറഞ്ഞു. ബീച്ചിലും കുളത്തിലും പോകുന്നവർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡോ.സുഹൈൽ അഭ്യർത്ഥിച്ചു. നീന്താൻ അറിയാത്തവർ അതിന് മുതിരരുത്, മുതിർന്നവരില്ലാതെ കുട്ടികളെ നീന്താൻ വിടരുത്, ലൈഫ് ഗാർഡുള്ള നിയുക്ത സ്ഥലങ്ങളിൽ മാത്രം നീന്തുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബീച്ചിൽ പോകുന്നവർ ഉചിതമായ നീന്തൽ വസ്ത്രങ്ങൾ ധരിക്കാനും, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിൻ്റെ സ്വാധീനത്തിൽ നീന്തുന്നത് ഒഴിവാക്കാനും, വെള്ളത്തിൽ അശ്രദ്ധമായ പെരുമാറ്റം ഒഴിവാക്കാനും, ഭക്ഷണം കഴിച്ച ഉടൻ നീന്താതിരിക്കാനും, സൂര്യാസ്തമയത്തിനുശേഷം നിയുക്ത രാത്രി-നീന്തൽ സ്ഥലങ്ങളിൽ മാത്രം നീന്താനും ശ്രദ്ധിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9