സൗദി അറേബ്യയിലെ ജിസാനിൽ 10 മണിക്കൂറിലേറെയായി തുടരുന്ന കനത്ത മഴ ദുരിതപ്പെയ്താകുന്നു. നിരവധി റോഡുകൾ തകർന്നു. താഴ്വരകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങൾ കുടുങ്ങി. അൽ തവ്വൽ, സംത, അബു അരീഷ്, ഗവർണ്ണറേറ്റുകളിലും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ജിസാൻ താഴ്വാരയിൽ വാണിജ്യ കെട്ടിടം തകർന്നു വീണു. അബു അരിഷ് ഗവർണറേറ്റിനെയും സബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ മേൽപ്പാലം തകർന്നു. റോഡുകൾ തകർന്ന് അൽ അമ്‌രിയ ടൗണും, ഖർദല, അൽ അഷ്‌വ എന്നിവിടങ്ങളിലെ അഞ്ച് ഗ്രാമപ്രദേശങ്ങളും ഒറ്റപ്പെട്ടു. പല വീടുകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം തടസപ്പെട്ടു. താഴ്വരകളിൽ കനത്ത മലവെള്ളപ്പാച്ചിലാണ് ഉണ്ടാകുന്നത്. അതേസമയം മഴ പെയ്യുന്നത് കൃഷിക്ക് ഗുണകരമാകുമെന്ന അഭിപ്രായത്തിലാണ് ചില കർഷകർ. വാദി മഖാബ്, വാദി അൽ ഖുംസ്, വാദി എസ്സ് എൽ-ദിൻ എന്നിവിടങ്ങളിലെ കൃഷി ഭൂമി കൂടുതൽ ഫലഭൂയിഷ്ഠമാകുമെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്. മദീനയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബദർ, വാദി അൽ ഫറ, അൽഉല, ഖൈബർ ഗവർണറേറ്റുകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. വിദൂര കാഴ്ച കുറയുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
വാഹനമോടിക്കുന്നവർ വണ്ടി ഓടിക്കാനാവാത്ത വിധമുള്ള കനത്തമഴയത്ത് സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കി നിർത്താൻ ശ്രദ്ധിക്കണം. കൂടാതെ തെന്നിമറിയാൻ സാധ്യത കൂടുതലുള്ള ചരിവുള്ള റോഡുകളിൽ വേഗത കുറച്ചേ വാഹനം ഓടിക്കാൻ പാടുള്ളൂവെന്നും പൊതുഗതാഗത സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. സാധാരണയുള്ളതിനേക്കാൾ സുരക്ഷിതമായ അകലമായിരിക്കണം മുന്നിലുള്ള വാഹനവുമായി പാലിക്കേണ്ടത്. കൂടാതെ വാഹനത്തിന്റെ ഗിയറിന്റെ കാര്യത്തിൽ ശ്രദ്ധവേണം. വാഹനത്തിന് കൂടുതൽ കരുത്തു കിട്ടുന്ന ഗിയറിൽ ഓടിക്കണം. ഏത് സാഹചര്യത്തിലും ശ്രദ്ധയോടെയും പരിഭ്രാന്തരാകാതെയും വാഹനമോടിക്കണമെന്നും അധികൃതർ നിർദേശിച്ചു. മഴപെയ്യുന്ന റോഡിൽ വാഹനത്തിൻറെ സ്റ്റീയറിങ് വീൽ ഇരു കൈകളും മുറക്കെ പിടിച്ചു തന്നെ ഓടിക്കണം. വാഹനത്തിന്റെ ലൈറ്റുകൾ പ്രകാശിക്കുന്നുണ്ടോ, വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നെല്ലാം ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.