യുഎഇയിൽ 2022 മുതൽ ആരംഭിച്ച പുതിയ വിസകൾക്ക് ആവശ്യക്കാരേറെയെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് റിമോട്ട് വർക്കിംഗ് വിസയ്ക്കാണ്. യുഎഇയിക്ക് പുറത്തുള്ള കമ്പനിയിൽ പ്രവർത്തിക്കുകയും സ്പോൺസറുടെ ആവശ്യമില്ലാതെ രാജ്യത്ത് താമസിക്കാൻ അനുവദിക്കുന്നതുമാണ് റിമോട്ട് വർക്കിംഗ് വിസ. ഒരു വർഷത്തേക്കാണ് വിസ അനുവദിക്കുന്നതെങ്കിലും വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. ഈ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഒരു കമ്പനിക്കുവേണ്ടി ജോലി ചെയ്യുകയാണെന്ന് തെളിയിക്കാൻ സാധിക്കണം. ഒരുവർഷ കാലാവധിയുള്ള തൊഴിൽകരാർ ഹാജരാക്കണം. മാസം 3500 ഡോളർ അല്ലെങ്കിൽ തുല്യമായ തുക വരുമാനവുമുണ്ടാകണം. കൂടാതെ പാസ്പോർട്ടിന് 6 മാസത്തെ കാലാവധിയും ആരോഗ്യ ഇൻഷുറൻസും വേണം. ഈ വിസയിലുള്ളവർക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാം. ഇവരുടെ വിസാ കാലാവധി സ്പോൺസറുടെ വിസാകാലാവധിക്ക് തുല്യമായിരിക്കും. യുഎഇ പാസ് ഉപയോഗിച്ചോ ആമർ കേന്ദ്രങ്ങളിലൂടെയോ ഓൺലൈനിലൂടെയോ വിസയ്ക്ക് അപേക്ഷിക്കാം. വിസ ലഭിച്ചാൽ അപേക്ഷകന് 60 ദിവസത്തിനുള്ളിൽ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും. 350 ദിർഹമാണ് വിസയ്ക്കായി ചെലവാകുന്നത്. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ 30 ദിവസത്തിനകം തിരുത്തി അയയ്ക്കണം. മൂന്ന് തവണ അപൂർണതയുടെ പേരിൽ അപേക്ഷ തിരിച്ചയച്ചാൽ പിന്നീടത് റദ്ദാക്കപ്പെടും. ഈ വിസയിലെത്തുന്നവർക്ക് രാജ്യത്ത് വീട് വാടകയ്ക്ക് എടുക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനും കുട്ടികളെ സ്കൂളുകളിൽ ചേർക്കാനുമെല്ലാം സാധിക്കും.
സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ സ്വന്തം സ്പോൺസർഷിപ്പിൽ അഞ്ചുവർഷംവരെ താമസിക്കാൻ അനുവദിക്കുന്ന ഗ്രീൻവിസയ്ക്കും യുഎഇയിൽ ആവശ്യക്കാരേറെയുണ്ട്. ബിസിനസുകാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് ഈ വിസയിലൂടെ. സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഫ്രീലാൻസ് അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർക്കുമെല്ലാം ഗ്രീൻവിസ പ്രയോജനകരമാണ്. മാസം 15,000 ദിർഹമെങ്കിലും സമ്പാദിക്കുന്ന വിദഗ്ധതൊഴിലുകൾ ചെയ്യുന്നവർക്ക് ഗ്രീൻ വിസയ്ക്ക് അപേക്ഷിക്കാം. ബിരുദമാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത വേണ്ടത്. ഈ വിസയിലുള്ളവർക്കും കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാം. 25 വയസ്സുവരെയുള്ള ആൺമക്കളെയും പ്രായപരിധിയില്ലാതെ പെൺമക്കളെയും സ്പോൺസർ ചെയ്യാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9