അഞ്ച് വർഷത്തിന് ശേഷം പ്രിയപ്പെട്ടവരെയെല്ലാം കൺനിറച്ച് കാണണം.. മക്കളെ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണം.. ആഗ്രഹിച്ച് പണിത വീട്ടിൽ ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങണം.. ഇങ്ങനെ ഇങ്ങനെ കുറെ മോഹങ്ങളുമായി, അടുത്ത ദിവസത്തെ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നതും സ്വപ്നം കണ്ട് ഉറങ്ങിയ റഫീക്ക് പിന്നെയാ ഉറക്കത്തിൽ നിന്ന് എണീറ്റതേയില്ല.. ഒരിക്കലും ഉണരാത്ത, അഗാധമായ ഉറക്കത്തിലേക്ക് വീണുപോയി. റിയാദിൽ വച്ച് മരണമടഞ്ഞ തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖിന്റെ (42) മൃതദേഹം ഇന്ന് കാലത്ത് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. ഷുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സ്പോൺസറും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി. അസർ നമസ്കാരത്തിനു ശേഷം ഉമ്മൽ ഹമ്മാം കിങ് ഖാലിദ് മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിനു ശേഷമാണ് വിമാനത്താവളത്തിൽ എത്തിച്ചത്. റഫീക്കിന് അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. റിയാദിലുള്ള സഹോദരി ഭർത്താവ് ഷെരിഫ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ടായിരുന്നു. തിരൂർ കല്ലിങ്ങൽ കോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഇന്ന് കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
റിയാദ് എക്സിറ്റ് 13 ൽ ജോലി ചെയ്തിരുന്ന റഫീക്കിനെ താമസസ്ഥലത്ത് കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോടിനുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പോകാനുള്ള തയാറെടുപ്പുകൾ എല്ലാം നടത്തിയിരുന്നു. കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം ഒരുക്കി അവയുടെ ഭാരവും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കാലത്ത് ഫോൺ വിളിച്ചിട്ട് റഫീക്ക് എടുക്കുന്നില്ലെന്ന് കണ്ടപ്പോൾ സുഹൃത്തുക്കൾ വന്ന് പരിശോധിക്കുമ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. അഞ്ച് വർഷത്തിന് ശേഷമായിരുന്നു റഫീക്ക് നാട്ടിലേക്ക് പോകുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതും ജോലി മാറിയപ്പോൾ അവധി ലഭിക്കാതിരുന്നതുമെല്ലാം നാട്ടിലേക്ക് പോകാൻ റഫീക്കിനെ അനുവദിച്ചില്ല. നിലവിലെ ജോലി അവസാനിപ്പിച്ച് പുതിയ വിസയിൽ തിരികെ റിയാദിലേക്ക് വരാനായിരുന്നു ഒരുക്കം. അഞ്ച് വർഷത്തിന് ശേഷമുള്ള യാത്രയായതിനാൽ ഉമ്മയേയും ഭാര്യയേയും മക്കളെയുമെല്ലാം ഞെട്ടിക്കണമെന്നും സർപ്രൈസ് നൽകണമെന്നുമായിരുന്നു റഫീക്കിന്റെ ആഗ്രഹമെന്ന് കൂട്ടുകാർ പറയുന്നു. പ്രിയപ്പെട്ടവരെ അറിയിക്കാതെ വീട്ടിലേക്ക് സർപ്രൈസായി കയറിച്ചെല്ലാനായിരുന്നു റഫീക്ക് പ്ലാൻ ചെയ്തിരുന്നതെന്നും കൂട്ടുകാർ കൂട്ടിച്ചേർത്തു. എന്നാൽ ഉറക്കത്തിലുണ്ടായ ഹൃദയാഘാതം എല്ലാ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കി കളഞ്ഞു. റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും വിമാനത്താവളത്തിൽ എത്തിക്കുന്നതിനും സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ, നൗഫൽ തിരൂർ, മുബാറക്ക് പുളിക്കൽ, മലപ്പുറം ജില്ലാ കൂട്ടായ്മ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.