പ്രവാസ ലോകത്തെ മലയാളികളടക്കമുള്ളവരിൽ ദിനംപ്രതി ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് ഹൃദ്രോഗം പോലുള്ള ഗുരുതര അസുഖങ്ങൾ പ്രവാസികളിൽ വർധിക്കുന്നുണ്ടെന്നാണ് മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇരുപതുകളിലെ യുവതികളിലും യുവാക്കളിലും ഹൃദയാഘാതം പോലുള്ള രോഗങ്ങൾ മരണത്തിന് കാരണമാകുന്നത് ജാഗ്രത പുലർത്തേണ്ട ഒന്നാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF ഹൃദ്രോഗമുണ്ടാകുന്നതിനെ കുറിച്ച് ബോധവത്കരണം ഉണ്ടെങ്കിലും പലർക്കും രോഗകാരണങ്ങൾ, ലക്ഷണങ്ങൾ , ആദ്യഘട്ടത്തിൽ എന്ത് ചെയ്യാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിവില്ല. ഉത്തർപ്രദേശിയായ 32കാരൻ സുശീൽകുമാറിന് ആദ്യം വയറുവേദനയാണ് അനുഭവപ്പെട്ടത്. അതത്ര കാര്യമാക്കിയില്ല. ഓരോ ദിവസം കഴിയുംന്തോറും സ്ഥിതി മോശമായി. ഉടൻ തന്നെ പരിചയക്കാരുടെ സഹായത്തോടെ ഷാർജ അൽ ഖാസിമിയ ആശുപത്രിയിലെത്തിച്ചു. പരിശോധനയിലാണ് ഹൃദയാഘാതത്തിന്റെ തുടക്കമാണെന്ന് അറിഞ്ഞത്. ചികിത്സ ആരംഭിച്ചെങ്കിലും സ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിലാക്കി. എന്നാൽ പതുക്കെ കോമയിലേക്ക് വഴുതിമാറുകയായിരുന്നു സുശീൽകുമാർ. രണ്ടരമാസത്തിന് ശേഷം കോമയിൽ നിന്ന് ബോധം വീണ്ടെടുത്തു. ക്രമേണ ആരോഗ്യം വീണ്ടെടുത്തു, വീൽചെയറിൽ ഇരിക്കാമെന്ന സ്ഥിതിയായപ്പോൾ ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഹികളെല്ലാം ചേർന്ന് സുശീൽകുമാറിനെ ഒരാളുടെ സഹായത്തോടെ നാട്ടിലേക്ക് അയയ്ച്ചു. അഞ്ച് ലക്ഷം ദിർഹത്തോളം വന്ന ആശുപത്രി ബില്ല് അധികൃതർ എഴുതിത്തള്ളുകയും ചെയ്തു.
ഹൃദയാഘാതവും ഹൃദയസ്തംഭനവും
ജീവൻ രക്ഷിക്കാനായി അടിയന്തര ഇടപെടൽ ആവശ്യമുള്ള ഗുരുതര മെഡിക്കൽ അവസ്ഥയാണ് ഹൃദയ സ്തംഭനമെന്ന് ഷാർജ ബുർജീൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇൻട്രവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സോമോ ആങ് പറയുന്നു. ഹൃദയം പെട്ടെന്ന് നിലയ്ക്കുന്നത് തലച്ചോറിലേയ്ക്കും മറ്റ് പ്രധാന അവയവങ്ങളിലേയ്ക്കുമുള്ള രക്തയോട്ടം തടസപ്പെടാൻ കാരണമാകും. ഉടൻ ഇടപെട്ടില്ലെങ്കിൽ ഹൃദയസ്തംഭനം നിമിഷങ്ങൾക്കുള്ളിൽ മരണത്തിലേയ്ക്ക് നയിക്കാം. ഹൃദയസ്തംഭനവും ഹൃദയാഘാതവും തമ്മിലൽ ബന്ധമുണ്ടെങ്കിലും രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ഹൃദയത്തിലേയ്ക്ക് രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുക. എങ്കിലും ഹൃദയം സാധാരണ രീതിയിൽ മിടിക്കുകയും തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ ഹൃദയസ്തംഭനമെന്നത് ഹൃദയം പമ്പ് ചെയ്യുന്നത് നിലയ്ക്കുന്ന അവസ്ഥയാണ്. ഹൃദയസ്തംഭനത്തിൻറെ ഏറ്റവും പ്രാഥമിക ലക്ഷണങ്ങൾ പെട്ടെന്നുള്ള ബോധക്ഷയം, കുഴഞ്ഞു വീഴൽ, പൾസ് നിലയ്ക്കൽ, ശ്വാസം മുട്ട് എന്നിവയാണ്. ചില സാഹചര്യങ്ങളിൽ, ഹൃദയസ്തംഭനം സംഭവിക്കുന്നതിന് മുൻപ്, നെഞ്ചുവേദന, ശ്വാസതടസ്സം, അനിയന്ത്രിതമായ ഹൃദയമിടിപ്പ് എന്നിവ പോലുള്ള മുന്നറിയിപ്പ് ലക്ഷണങ്ങൾ കാണപ്പെടും. എന്നാൽ ഹൃദയസ്തംഭനത്തിന് യാതൊരു മുൻകൂർ ലക്ഷണങ്ങളും കാണപ്പെടാത്ത സാഹചര്യവുമുണ്ടാകാറുണ്ട്. ഹൃദയസ്തംഭനമാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ അടിയന്തര മെഡിക്കൽ സപ്പോർട്ടിനായി എമർജൻസി മെഡിക്കൽ നമ്പറിലേയ്ക്ക് ബന്ധപ്പെടാൻ ശ്രദ്ധിക്കണം. കൂടാതെ ചെസ്റ്റ് കംപ്രഷൻ ഉൾപ്പെടുന്ന അടിസ്ഥാന ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) ആരംഭിക്കുക. അടിയന്തര വൈദ്യസഹായം എത്തുന്നതിന് മുമ്പ് ജീവൻ രക്ഷിക്കാൻ ഇത് ചിലപ്പോൾ സഹായകരമായേക്കും. ഹൃദയപേശികളുടെ കട്ടികൂടൽ ഉൾപ്പെടുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി പോലുള്ള അവസ്ഥകൾ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. ഉയർന്ന കൊളസ്ട്രോൾ, അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് ഘടകങ്ങളും ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർധിപ്പിക്കും. നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്, വർദ്ധിച്ച ഹൃദയമിടിപ്പ്, ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ കുടുംബ ചരിത്രം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണം. പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി തുടങ്ങിയവയും അപകടസാധ്യത വർധിപ്പിക്കും. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള മാർഗങ്ങളാണ് നോക്കേണ്ടത്. സ്വയം ചികിത്സ ഒഴിവാക്കണം.
ദുബായിൽ താമസിക്കുന്നവരിൽ ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടാകുമ്പോൾ ആംബുലൻസ് സേവനം തേടാൻ മടിക്കരുത്. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് (ഡിസിഎഎസ്) കഴിഞ്ഞ വർഷം ഹൃദയസ്തംഭനമുണ്ടായ 90 വ്യക്തികളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. റെക്കോർഡ് ശരാശരി പ്രതികരണ സമയം 7.5 മിനിറ്റ് കൈവരിച്ചെങ്കിലും, 2022 മുതൽ 13 ശതമാനം പുരോഗതിയുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹൃദയ പുനരുജ്ജീവനത്തിലും ജീവൻരക്ഷാ പ്രവർത്തനങ്ങളിലും 21 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് ഡിസിഎഎസ് ഡയറക്ടർ ബോർഡ് ചെയർമാൻ അവദ് സഗീർ അൽ കെത്ബി പറയുന്നു.