തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനായി പ്രവാസികൾക്ക് ബോധവത്കരണം ആരംഭിച്ച് അധികൃതർ. യുഎഇയിൽ എത്തുന്ന പ്രവാസികൾ വ്യാജ റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാരുടെ കെണിയിൽപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രതവേണമെന്ന ഓർമ്മപ്പെടുത്തി. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഗ്ലോബൽ പ്രവാസി യൂണിയനാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിസാത്തട്ടിപ്പ്, വ്യാജ റിക്രൂട്ട്‌മെൻ്റ്, പ്രവാസികളുടെ പേരിൽ ബാങ്ക് ലോൺ എടുത്തശേഷം ഉടമകൾ കടന്നുകളയുക പോലെയുള്ള വ്യത്യസ്ത രീതിയിൽ തട്ടിപ്പുകൾ നടത്തുന്നവരെ തുറന്നു കാട്ടാൻ കൂടിയാണ് ബോധവത്കരണങ്ങൾക്ക് തുടക്കമിട്ടതെന്ന് ഗ്ലോബൽ പ്രവാസി യൂണിയൻ പ്രസിഡന്റ് അഡ്വ. ഫരീദ് പറഞ്ഞു. യുഎഇയിലെ മലയാളികൾ കൂടുതലുള്ള തൊഴിൽ ക്യാമ്പുകൾ കേന്ദ്രീകരിച്ചായിരിക്കും യൂണിയൻ ബോധവത്കരണം നടത്തുന്നത്. തട്ടിപ്പുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ലക്ഷ്യമാണെന്ന് ഗ്ലോബൽ പ്രവാസി യൂണിയൻ നേതാക്കൾ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ഏജൻ്റുമാർ പ്രധാനമായും തട്ടിപ്പുകൾ നടത്തുന്നത് സന്ദർശക വിസയിലൂടെ ആളുകളെ യുഎഇയിലെത്തിച്ചാണ്. മലയാളികൾ മാത്രമല്ല തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തട്ടിപ്പുകാരുടെ കെണികളിൽ വീഴുന്നുണ്ട്. ഇത്തരത്തിൽ യുഎഇയിൽ ദുരിതത്തിലായവരെ നാട്ടിലേക്കയയ്ക്കാനും ഗ്ലോബൽ പ്രവാസി യൂണിയൻ ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. നാട്ടിലെത്തിയവർ തട്ടിപ്പുകാർക്കെതിരേ പൊലീസിൽ പരാതി നൽകാനും തുടങ്ങിയിട്ടുണ്ട്. പാവപ്പെട്ട തൊഴിലന്വേഷകരെ കെണിയിലാക്കുന്ന തട്ടിപ്പുകാർക്കെതിരെ കേരളത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഭാരവാഹികളായ വിദ്യാധരൻ, രാഗേഷ് മാവില, അബ്ദുൽ കരീം പൂച്ചേങ്കൽ, ഷാനവാസ് നിലമേൽ എന്നിവരും ബോധവത്കരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.