ആലിപ്പഴ വീഴ്ച ശീതകാല പ്രതിഭാസമാണെന്ന് കരുതിയെങ്കിൽ, ആ ധാരണകളെ തിരുത്തിയിരിക്കുകയാണ്. ഈ ആഴ്ചയിൽ യുഎയിൽ രണ്ട് തവണയാണ് ആലിപ്പഴ വീഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് പ്രകാരം, ജൂൺ 8, ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ കനത്ത ഇടിമിന്നലും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. ഹത്തയിലേക്ക് പോകുന്ന അൽ വതൻ റോഡിലാണ് ആലിപ്പഴ വീഴ്ചയുണ്ടായത്. ശക്തമായ മഴയും ആലിപ്പഴ വീഴ്ചയുമുള്ള വീഡിയോ ഫഹദ് മുഹമ്മദ് അബ്ദുൾ റഹ്മാൻ എന്നയാൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വാരാന്ത്യ കാലാവസ്ഥാ പ്രവചനത്തിന് അനുസൃതമായി റാസൽ ഖൈമയുടെയും ഷാർജയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ജൂൺ 7ന് ഫുജൈറയിലെ വാദി മായിൽ നേരിയ ആലിപ്പഴ വർഷവും എൻസിഎം രേഖപ്പെടുത്തി. പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിൽ കനത്ത മഴ അനുഭവപ്പെടുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ, വേനൽക്കാലത്ത് ആലിപ്പഴ വീഴ്ച യഥാർത്ഥത്തിൽ അസാധാരണമല്ല. ഉപരിതല താപനില ചൂടായിരിക്കുമ്പോൾ ഇത് സംഭവിക്കും, പക്ഷേ മുകളിലെ അന്തരീക്ഷം ആലിപ്പഴവീഴ്ചയെ പിന്തുണയ്ക്കാൻ തക്ക തണുപ്പായിരിക്കണം. ശനിയാഴ്ച യുഎഇയിൽ ഉയർന്ന താപനില 47.2 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 19.6 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq