നിയമങ്ങൾ കടുപ്പിച്ച് അധികൃതർ; സന്ദർശക വിസയിൽ എത്തി ജോലി ചെയ്യുന്നവർക്കതിരെ കടുത്ത നടപടി

യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനി ഉടമകൾ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ അടക്കണം. ജോലി ചെയ്യാൻ എത്തുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. കൂടാതെ, തൊഴിൽ അനുമതിയില്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വിസയിൽ എത്തുന്ന ആളുകളെ ജോലി ചെയ്യിപ്പിച്ച ശേശം ശമ്പളം നൽകാതെ അവരെ വഞ്ചിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ അനുമതിയില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

സന്ദർശക വിസ അല്ല, എൻട്രി പെർമിറ്റ്

യുഎഇയിൽ വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു നിയമിച്ചാൽ മുൻപ് 50000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ. ഈ പിഴയാണ് പുതിയ ഭേദഗതിയിലൂടെ പല മടങ്ങ് വർധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദർശക വിസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്തു സന്ദർശക വിസയിൽ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നു പണവും വാങ്ങും. കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസി‍ഡൻസി വിസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്ട്മെന്റുകളും അനധികൃതമാണ്.

ഓഫർ ലെറ്റർ ഇല്ലാതെ ജോലി ചെയ്യരുത്

സന്ദർശക വിസയിലുള്ളവർക്ക് ആരെങ്കിലും തൊഴിൽ വാഗ്ദാനം നൽകിയാൽ, മാനവ വിഭവ മന്ത്രാലയത്തിന്റെ ഓഫർ ലെറ്റർ ലഭിക്കാതെ ജോലി ചെയ്യാൻ പാടില്ലെന്നു മുന്നറിയിപ്പുണ്ട്. തൊഴിൽ വിസക്കാരെ നിയമിക്കുന്നതിൽ നിന്നു കമ്പനികൾ വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നു നിയമ വിദഗ്ധരും പറയുന്നു. പിഴ ശിക്ഷയ്ക്കു പുറമേ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരും.

നിസ്സഹായത മുതലെടുത്ത് സ്ഥാപനങ്ങൾ

വിസിറ്റ് വിസയിൽ തൊഴിൽ തേടിയെത്തുന്നവരുടെ അവസ്ഥ പരമാവധി മുതലെടുത്ത് അവരെ ജോലി ചെയ്യിക്കുന്ന പല സ്ഥാപനങ്ങളുമുണ്ട്. തൊഴിൽ വിസ നൽകുമെന്ന് മോഹിപ്പിച്ച രണ്ടും മൂന്നും തവണ സന്ദർശക വിസ അവരെക്കൊണ്ടു തന്നെ പുതുക്കും. ഒടുവിൽ ഒരു രൂപ പോലും പ്രതിഫലം നൽകാതെ പറഞ്ഞയയ്ക്കും. ഇത്തരം സന്ദർഭങ്ങളിൽ പരാതി നൽകാൻ പോലും ഇരകൾക്ക് സാധിക്കില്ല. പരാതി നൽകിയാൽ സന്ദർശക വിസയിൽ തൊഴിൽ ചെയ്ത കുറ്റമാണ് നടപടി നേരിടേണ്ടി വരുമെന്നതാണ് കാരണം. ജോലി ചെയ്യിച്ച സ്ഥാപനത്തിൽ നിന്ന് എന്തെങ്കിലും ആനുകൂല്യം നേടിത്തരാൻ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ല. അതുകൊണ്ടു തന്നെ ഭൂരിഭാഗം പേരും പരാതിപ്പെടാറില്ല. കിടക്കാനോ ഭക്ഷണം കഴിക്കാനോ വകയില്ലാതെ, നാട്ടിൽ പോകാൻ പോലും കഴിയാതെ സന്നദ്ധ സംഘടനകളുടെയോ എംബസിയുടെ കാരുണ്യത്തിനു കാത്തുനിൽക്കുക മാത്രമാണ് പലരുടെയും മുന്നിലുള്ള വഴി. വിസ പുതുക്കാൻ ഓരോ തവണയും 1000 ദിർഹത്തിനു മുകളിൽ ചെലവുവരും. മൂന്നും നാലും തവണ വിസ പുതുക്കാൻ വേണ്ടിവരുന്ന വൻതുക നാട്ടിൽനിന്നും യുഎഇയിലെ പരിചയക്കാരിൽ നിന്നും സംഘടിപ്പിക്കുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശക വിസ നിയമം ശക്തമാക്കിയതും തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയതും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy