യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമങ്ങളിൽ വീഴ്ചവരുത്താൻ കൂട്ട് നിന്ന മുൻ സ്വകാര്യ ബാങ്കർക്ക് വൻ തുക പിഴ ചുമത്തി അധികൃതർ. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നിയമങ്ങളിൽ വീഴ്ചവരുത്താൻ കമ്പനിക്ക് കൂട്ടുനിൽക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവരങ്ങൾ കൈമാറുകയും ചെയ്ത എമിറേറ്റിലെ മുൻ സ്വകാര്യ ബാങ്കർക്ക് 36 ലക്ഷം ദിർഹം പിഴ ചുമത്തി ദുബായ് ഫിനാൻഷ്യൽ സർവ്വീസസ് അതോറിറ്റി (ഡിഎഫ്എസ്എ). ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ധന ഇടപാട് സ്ഥാപനമായ മിറാബൗദ് ലിമിറ്റഡിലെ സ്വകാര്യ ബാങ്കറായിരുന്ന പീറ്റർ ജോർജിയുവിനാണ് വൻ തുക പിഴ ചുമത്തിയത്. പിഴ കൂടാതെ ഡിഎഫ്എസ്എ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നും ഓഫിസ് പ്രവർത്തിപ്പിക്കുന്നതിൽനിന്നും ഇയാൾക്ക് വിലക്കേർപ്പെടുത്തി. സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നടപടികളെക്കുറിച്ച് പീറ്റർ തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് കണ്ടെത്തിയിരുന്നു. ഇടപാടുകാർക്ക് ഇയാളുടെ അറിവോടെയാണ് തെറ്റായ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചത്. അധികൃതരുമായുള്ള കൂടിക്കാഴ്ചയിലും തെറ്റായ വിവരങ്ങളാണ് ഇദ്ദേഹം നൽകിയതെന്നും ഡിഎഫ്എസ്എ വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനായുള്ള നിയമത്തിൽ വീഴ്ചവരുത്തിയതിന് 2023 ജൂലൈയിലും കമ്പനിക്കെതിരെ 30 ലക്ഷം ഡോളർ പിഴ ചുമത്തിയിരുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF