ദുബായ് : ഉപയോക്താക്കളിൽ നിന്ന് ‘യുഎഇ പാസ്’ ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് ഇമിഗ്രേഷൻ. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പ്. അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയത്. വ്യാജ സന്ദേശങ്ങളിലൂടെ ‘യുഎഇ പാസ്’ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയും ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നമ്പർ പങ്കുവയ്ക്കാൻ നിർബന്ധിക്കുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി അവരുടെ യുഎഇ പാസ് ലോഗിൻ വിവരങ്ങളോ ഒടിപി നമ്പറോ പങ്കിടരുതെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്ന് അഭ്യർഥിച്ചു. വിവിധ സർക്കാർ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ ‘യുഎഇ പാസ്’ ഉപയോഗിക്കുന്നു. ‘യുഎഇ പാസ്’ ഉപയോക്താക്കളുടെ എണ്ണം 2022ൽ 46 ലക്ഷത്തിൽ നിന്ന് 2023ൽ 72 ലക്ഷമായി വർധിച്ചതായി അധികൃതർ വെളിപ്പെടുത്തിയിരുന്നു (57% വർധന). ഈ വർഷവും ഇത് വർധിക്കാനാണ് സാധ്യത. യുഎഇ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള ആദ്യത്തെ സുരക്ഷിത ദേശീയ ഡിജിറ്റൽ ഐഡന്റിറ്റിയാണ് ‘യുഎഇ പാസ്’.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK