അബുദാബി ∙ തലസ്ഥാന നഗരിയിലെ പാർക്കിങ്ങും (മവാഖിഫ്) ടോളും (ദർബ്) ഇനി പുതിയ കമ്പനി ക്യു മൊബിലിറ്റിക്ക് കീഴിൽ. അബുദാബി നിക്ഷേപക കമ്പനിയായ എഡിക്യുവിന് കീഴിലാകും ക്യു മൊബിലിറ്റി പ്രവർത്തിക്കുക.
അബുദാബി എയർപോർട്ട്, ഇത്തിഹാദ് റെയിൽ, തുറമുഖം തുടങ്ങിയ പാർക്കിങ്ങുകളെല്ലാം പുതിയ കമ്പനി നിയന്ത്രിക്കും. പരിഷ്കാരത്തിലൂടെ അബുദാബിയിൽ പാർക്കിങ് പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഉൾപ്രദേശങ്ങളിലേക്കും പാർക്കിങ്ങും ടോളും വ്യാപിപ്പിക്കുമോ എന്നും നിരക്ക് കൂടുമോ എന്നുമുള്ള ആശങ്കയിലാണ് പ്രവാസികൾ. ദർബ് ടോൾ ഗേറ്റിൽ തിരക്കുള്ള സമയം രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും കടന്നാൽ മാത്രമേ 4 ദിർഹം ഈടാക്കൂ. മറ്റു സമയങ്ങളിലും വാരാന്ത്യ, പൊതു അവധി ദിവസങ്ങളിലും സൗജന്യമാണ്. ഒരു ദിവസത്തിൽ എത്ര തവണ ടോൾഗേറ്റ് കടന്നാലും 16 ദിർഹത്തിൽ കൂടുതൽ ഈടാക്കില്ല. പാർക്ക് ആൻഡ് റൈഡ് ബസ് സേവനം ഉപയോഗപ്പെടുത്തിയാൽ ടോളിൽനിന്നും തിരക്കിൽനിന്നും രക്ഷപ്പെടാം.
മവാഖിഫ് പാർക്കിങ്ങിൽ സ്റ്റാൻഡേർഡ് (നീല-കറുപ്പ്) പാർക്കിങ്ങിന് മണിക്കൂറിൽ 2 ദിർഹവും പ്രീമിയം (വെള്ള-നീല) പാർക്കിങ്ങിന് 3 ദിർഹവുമാണ് നിരക്ക്. രാവിലെ 8 മുതൽ രാത്രി 12 വരെയാണ് ചാർജ് ഈടാക്കുക. എന്നാൽ ദിവസത്തിൽ പരമാവധി 15 ദിർഹത്തിലധികം ഈടാക്കില്ല. ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും സൗജന്യം. താമസക്കാർക്കു സംവരണം ചെയ്ത പാർക്കിങ്ങിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഫ്ലാറ്റുകളിൽ താമസിക്കുന്ന സ്വദേശികളുടെ 4 വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ്.
ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, അൽമക്തൂം പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റ്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU