ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദുബൈ ട്രാൻസ്പോർട്ട് കോർപറേഷൻ (ഡി.ടി.സി) 300 ടാക്സി കാറുകൾ കൂടി ഉടൻ നിരത്തിലിറക്കും. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തിയ ലേലത്തിൽ പുതുതായി 300 നമ്പർ പ്ലേറ്റുകൾക്ക് കൂടി അംഗീകാരം ലഭിച്ചതായി ഡി.ടി.സി അറിയിച്ചു. ഇതിൽ 25 ശതമാനം ഇലക്ട്രിക് ടാക്സികൾക്കാണ് ഉപയോഗിക്കുക. ഇതോടെ ഡി.ടി.സി ടാക്സി കാറുകളുടെ എണ്ണം 6000 ആയി ഉയരും. കൂടാതെ ഈ മേഖലയിൽ വിപണി വിഹിതം 46 ശതമാനമായി വർധിക്കുകയും ചെയ്യും. എമിറേറ്റിലെ സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗതത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഇത് ഡി.ടി.സിയെ സഹായിക്കും.
ടാക്സി കാറുകളുടെ എണ്ണം കൂടുന്നതോടെ 10 കോടി ദിർഹമിന്റെ അധിക വരുമാനം ലഭിക്കുമെന്നാണ് ഡി.ടി.സിയുടെ പ്രതീക്ഷ. കാലാനുസൃതമായി വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുകയെന്ന ഡി.ടി.സിയുടെ നയത്തിന്റെ ഭാഗമാണ് പുതിയ കാറുകൾ പുറത്തിറക്കുന്നതെന്ന് സി.ഇ.ഒ മൻസൂർ റഹ്മാൻ അൽ ഫലാസി പറഞ്ഞു.
ഈ വർഷം വാഹനങ്ങളുടെ എണ്ണത്തിൽ ഏതാണ്ട് 10 ശതമാനം വർധനവുണ്ട്. ടാക്സി, ലിമോസിൻസ്, ബസുകൾ, മോട്ടോ സൈക്കിൾ തുടങ്ങി എല്ലാ മേഖലകളിലുമായി ആകെ വാഹനങ്ങളുടെ 9000ത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU