കൊല്ലത്ത് മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളെ ആക്രമിച്ചവർക്കെതിരെ കേസ്, അന്ന് തന്നെ കാർ ഇൻഷുറൻസ് പുതുക്കി

തിരുവനന്തപുരം, കൊല്ലം ∙ മൈനാഗപ്പള്ളിയി‍ൽ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടത്തിനു ശേഷം കാറിന്റെ ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യൂ 9347 എന്ന കാറിടിച്ചാണു മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ദാരുണമായി കൊല്ലപ്പെട്ടത്. ഈ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന ദിവസം കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നു. അപകടശേഷം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിന്നു തുടർപോളിസി ഓൺലൈൻ വഴി എടുത്തു. 16 മുതൽ 1 വർഷത്തേക്കാണു പുതിയ പോളിസി. പ്രതി മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യ സൽക്കാരവും കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. കാർ ഉടമയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.
കേസിൽ റിമാൻഡിൽ കഴിയുന്ന യുവ ഡോക്ടർ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി (27) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കാർ ഓടിച്ചിരുന്ന അജ്മലിനെതിരെ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനം നടത്താതെ കാർ ഓടിച്ചു പോകാൻ നിർബന്ധിച്ചെന്ന കണ്ടെത്തലിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റം ചുമത്തി. അജ്മലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങി.

അതേസമയം, അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. വാഹനങ്ങളിൽ പിന്തുടർന്നെത്തി കരുനാഗപ്പള്ളി കോടതിക്കു സമീപം തടഞ്ഞു നിർത്തി ആക്രമിച്ചെന്ന പ്രതി മുഹമ്മദ് അജ്മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy