അമേരിക്ക അര ശതമാനം പലിശ നിരക്ക് കുറച്ചിട്ടും മുന്നേറ്റമുണ്ടാക്കാതെ സ്വർണ വില. കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 54,600 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 6825 രൂപയുമാണ് ഇന്നത്തെ വില. തിങ്കളാഴ്ച 55,040 രൂപയിലെത്തി മാസത്തിലെ ഉയർന്ന നിലവാരം കുറിച്ച ശേഷമാണ് സ്വർണ വില താഴേക്ക് എത്തുന്നത്. രാജ്യാന്തര വിപണിയിൽ 2,561.5 ഡോളറിലാണ് സ്വർണ വില വ്യാപാരം നടക്കുന്നത്.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻറെ പലിശ നിരക്ക് കുറച്ചാൽ സ്വർണ വില കുതിക്കുമെന്ന വിലയിരുത്തലിലായിരുന്നു വിപണി. ഫെഡ് തീരുമാനത്തിന് പിന്നാലെ 2,598 ഡോളർ വരെ വരെ രാജ്യാന്തര വിപണിയിൽ സ്വർണ വില എത്തിയിരുന്നു. ബുധനാഴ്ച അവസാനിച്ച യോഗത്തിൽ 0.50 ശതമാനം പലിശ കുറയ്ക്കാനാണ് ഫെഡ് തീരുമാനിച്ചത്. പണപ്പെരുപ്പം മെച്ചപ്പെടുന്നതിനാൽ പലിശ നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 4.75 ശതമാനമായാണ് കുറച്ചത്. നാല് വർഷത്തിനിടെ ആദ്യമായാണ് പലിശ നിരക്ക് കുറയ്ക്കുന്നത്.
ഇതിന് പിന്നാലെയാണ് സ്പോട്ട് ഗോൾഡ് 2,598 ഡോളറിലെത്തി പുതിയ ഉയരം കുറിച്ചത്. ഫെഡ് തീരുമാനത്തിന് പിന്നാലെ ഡോളർ 2023 ജൂലൈയിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു. അതേസമയം, ശക്തമായ തൊഴിൽ മാർക്കറ്റും പണപ്പെരുപ്പം കുറയുന്നതും ചൂണ്ടിക്കാട്ടി മാന്ദ്യസാധ്യതകളെ തള്ളുകയാണ് ഫെഡ് ചെയർമാൻ ജെറോം പവൽ. ഫെഡ് യോഗ ശേഷം നടന്ന പത്രസമ്മേളനത്തിലെ ജെറോം പവലിൻറെ വാക്കുകളിൽ ഡോളറും ബോണ്ടും നേട്ടമുണ്ടാക്കിയതും നിക്ഷപകർ ലാഭമെടുത്തതുമാണ് സ്വർണ വിലയെ ഇടിച്ചത്. 2,548 ഡോളർ വരെ സ്വർണ വില താഴ്ന്നിരുന്നു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU