അബുദാബി ∙ യുഎഇയിൽ 2025 ലെ ഹജ് റജിസ്ട്രേഷൻ നാളെ(19) ആരംഭിക്കും. യുഎഇയിൽ നിന്ന് ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ഈ മാസം 30 വരെ തീർഥാടനത്തിനായി റജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട് ആപ് വഴിയോ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്‍റ്സ് ആൻഡ് സകാത്ത് (ഔഖാഫ് യുഎഇ) വെബ്സൈറ്റിലോ റജിസ്ട്രേഷൻ പൂർത്തിയാക്കാം. 12 വയസ്സ് പിന്നിട്ട യുഎഇ സ്വദേശികളായിരിക്കണം. കുറഞ്ഞത് അഞ്ച് സീസണുകളിൽ ഹജ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണം. ആദ്യമായി തീർഥാടനത്തിന് പോകുന്ന ഭിന്നശേഷിക്കാർ, ഭേദമാകാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, അവരുടെ ബന്ധുക്കൾ, കൂട്ടുകാർ എന്നിവർക്ക് മുൻഗണന നൽകും. അടുത്ത വർഷത്തെ ഹജിനായി യുഎഇയിൽ 6,228 തീർഥാടകർക്കുള്ള സ്ലോട്ടുകൾ ഉണ്ടായിരിക്കും. ഇത് സൗദിയിലെ ഹജ് കാര്യ അധികാരികൾ അനുവദിച്ച ക്വാട്ടയാണ്. തീർഥാടകർക്ക് മെഡിക്കൽ, നിയമ, ലോജിസ്റ്റിക് സേവനങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗദി അധികൃതരുമായി സഹകരിച്ച് ഔഖാഫ് യുഎഇ ഹജ് പെർമിറ്റുകളും ‘നുസുക്’ കാർഡുകളും നൽകും. നിർദ്ദിഷ്‌ട മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനായി അതോറിറ്റി ഹജ് ക്യാംപെയ്നുകളുടെയും അവരുമായി ബന്ധപ്പെട്ട എല്ലാ ടീമുകളുടെയും പതിവ് വിലയിരുത്തലുകൾ നടത്തും.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU