ഫുജൈറ : എമിറേറ്റിൽ അനുമതിയില്ലാതെ കിണർകുഴിച്ചാൽ 2000 മുതൽ 10,000 ദിർഹംവരെ പിഴചുമത്തുമെന്ന് ഫുജൈറ പരിസ്ഥിതി ഏജൻസി അധികൃതർ വ്യക്തമാക്കി. ഡ്രില്ലിങ് പ്രവർത്തനങ്ങൾ നടത്തുന്നതിന് പാരിസ്ഥിതികമാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കണം. നിയമം എല്ലാ വാണിജ്യ, വ്യവസായ, ഖനനസ്ഥാപനങ്ങൾക്കും ബാധകമാണ്. കിണർകുഴിക്കുന്നതിന് ഉപഭോക്താവ് ആവശ്യമായ രേഖകൾസഹിതം വെബ്‌സൈറ്റിലൂടെ അപേക്ഷസമർപ്പിക്കണം. വ്യാപാര ലൈസൻസ്, പാരിസ്ഥിതികാനുമതി, കിണർകുഴിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഭൂപടം, പ്രസ്തുതപ്രദേശത്ത് വെള്ളത്തിന്റെ കണക്‌ഷനില്ലെന്ന് ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റിയുടെ രേഖ, ഡ്രില്ലിങ് സ്ഥാപനത്തിന്റെ സാധുവായ വ്യാപാരലൈസൻസ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷ അംഗീകരിച്ചാൽ നിശ്ചിതനിരക്ക് അടയ്ക്കാനുള്ള സന്ദേശംലഭിക്കും. അപേക്ഷ നടപടിയാകാൻ രണ്ട് പ്രവൃത്തിദിവസമെടുക്കും. ഫാമിൽ കിണർകുഴിക്കുന്നതിന് 200 ദിർഹവും ഇത് വ്യാപാരസ്ഥാപനങ്ങളിലാണെങ്കിൽ 10,000 ദിർഹവുമാണ് സേവനനിരക്ക്. ഡ്രില്ലിങ് സ്ഥാപനത്തിന് ഫുജൈറയിൽ ലൈസൻസുണ്ടായിരിക്കണം. കിണറ്റിൽനിന്നുള്ള ജല ഉപഭോഗത്തെ അടിസ്ഥാനമാക്കി പ്രതിമാസഫീസും നൽകണം. കിണറ്റിന്റെ ആഴംകൂട്ടുന്നതിനോ എന്തെങ്കിലും അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ മുൻപായി അതോറിറ്റിയിൽനിന്ന് അനുമതിവാങ്ങണം. നിലവിലുള്ള കിണർ കൈവശംവെക്കുന്നതിന് വർഷത്തിൽ ലൈസൻസ് പുതുക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK