യുഎഇയിലെ ഷാർജ എമിറേറ്റിൽ താമസിക്കുന്ന വിദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നു. എമിറേറ്റിലെ എല്ലാ താമസക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ്. ഡയറക്ട് ലൈൻ റേഡിയോ പ്രഭാഷണത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം. നിലവിൽ സ്വദേശികൾക്കും ആശ്രിതർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. നിലവിലെ ഇൻഷുറൻസ് പരിരക്ഷ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. എമിറേറ്റിലെ താമസക്കാരും അവരുടെ കുട്ടികളും പ്രായമായവരും സന്തോഷമായിരിക്കണം, അത് തന്റെ ഉത്തരവാദിത്തമാണെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു. 2025 ജനുവരി ഒന്നുമുതൽ വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനിരിക്കേ ഡോ.ഷെയ്ഖ് സുൽത്താന്റെ പ്രഖ്യാപനം ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
യുഎഇയുടെ പദ്ധതിപ്രകാരം സ്പോൺസറാണ് ഇൻഷുറൻസ് തുക നൽകേണ്ടത്. എന്നാൽ ആശ്രിതരുടെ ഇൻഷുറൻസ് അതാതു വ്യക്തികൾ നൽകണം. അത് ഇടത്തരം കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ്. നിലവിൽ ദുബായിലും അബുദാബിയിലും ഇൻഷുറൻസ് നിർബന്ധമാണ്. മിക്ക കമ്പനികളും ജീവനക്കാർക്കും ആശ്രിതർക്കും ഇൻഷുറൻസ് നൽകിയിരുന്നു. എന്നാൽ കൊവിഡിന് ശേഷം പ്രീമിയം കൂട്ടിയതോടെ കുടുംബാംഗങ്ങളുടെ തുക സ്വന്തം നിലയ്ക്ക് നൽകാൻ പലരും ജീവനക്കാരോട് നിർദേശിച്ചിരുന്നു. നാലംഗ കുടുംബത്തിന് ഇൻഷുറൻസിനു മാത്രം പ്രതിവർഷം 15,000 ദിർഹത്തോളം ചെലവ് വരുമെന്നതാണ് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.