ഷാര്‍ജ: ഷാര്‍ജയിലെ തെരുവോരങ്ങളിലെ അനധികൃത കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ‘ഉത്പന്നങ്ങള്‍ പലപ്പോഴും വ്യാജമോ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞതോ ആവാം. ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഉത്പന്നങ്ങള്‍ സുരക്ഷിതമല്ല, പൊതുജനാരോഗ്യത്തിന് ദോഷംചെയ്യും’, അധികൃതര്‍ പറഞ്ഞു. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഷാര്‍ജയിലെ അനധികൃത കച്ചവടക്കാരെ കണ്ടെത്താന്‍ പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയായി നടത്തിയ 4000ത്തിലേറെ പരിശോധനകളില്‍ 620 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് ഒട്ടേറെ പേര്‍ക്കെതിരെ നിയമനടപടികള്‍ എടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ലിപ്സ്റ്റിക്ക്, ഷാംപൂ എന്നിവയുള്‍പ്പെടെ 6,50,000ത്തിലധികം വ്യാജ സൗന്ദര്യവര്‍ധകവസ്തുക്കളുമായി മൂന്ന് അറബ് വംശജരെ റാസല്‍ഖൈമയില്‍ പിടികൂടിയിരുന്നു. 2.3 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉത്പന്നങ്ങളാണ് ഇവരുടെ ഗോഡൗണില്‍നിന്ന് പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5