ദുബായ്: യുഎഇയില്‍ പൊതുമാപ്പിന് ഇനി ഏഴ് ദിവസം മാത്രം. കോണ്‍സുലേറ്റിലെത്തിയ നിയമലംഘകരായ പതിനായിരത്തിലധികം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനം നല്‍കി. ഇവരില്‍ 1,300 പേര്‍ക്ക് പാസ്‌പോര്‍ട്ട്, 1,700 പേര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് 1,500 പേര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് എന്നിവ നല്‍കി. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് യുഎഇ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ നിയമ ലംഘകര്‍ക്കെതിരായ നടപടി കടുപ്പിക്കും. യുഎഇ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസികളെ പൊതുമാപ്പ് നേടാനുള്ള സേവനം നല്‍കുന്നത്. ബയോമെട്രിക് രേഖകള്‍ നല്‍കില്ല. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ആവശ്യക്കാര്‍ക്ക് നല്‍കിയത്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് യുഎഇ വിടാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാനുള്ള സൗകര്യം കോണ്‍സുലേറ്റിലുണ്ട്. ടൈപ്പിങ് സെന്ററില്‍ ലഭിക്കുന്ന സേവനങ്ങളും ഇവിടെ ലഭിക്കും. ‘പൊതുമാപ്പ് കാലാവധി തീരാന്‍ 7 ദിവസം കൂടി മാത്രമാണുള്ളത്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എത്രയും വേഗം ചെയ്യണമെന്ന്’, കോണ്‍സല്‍ ജനറല്‍ സതീഷ്‌കുമാര്‍ ശിവന്‍ അഭ്യര്‍ഥിച്ചു. പിഴയോ, മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ രേഖകള്‍ നിയമപരമാക്കാനുള്ള അവസരമാണിത്. ജിഡിആര്‍എഫ്എയുടെ അല്‍ അവീര്‍ സെന്ററിലും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുമാപ്പ് നേടുന്നവര്‍ക്കു രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്തു തുടരുകയോ രാജ്യം വിടുകയോ ചെയ്യാം. മുന്‍ പൊതുമാപ്പുകളിലെ പോലെ ആജീവനാന്ത വിലക്ക് ഇത്തവണയുണ്ടാകില്ല. പൊതുമാപ്പ് നേടുന്നവര്‍ക്ക് വീണ്ടും യുഎഇയിലേക്കു നിയമാനുസരണം തിരികെവരികയോ കമ്പനികള്‍ക്ക് ആവശ്യമുള്ളവരെങ്കില്‍ പൊതുമാപ്പ് നേടിയവരെ ഉടന്‍ നിയമിക്കുകയോ ചെയ്യാം. രാജ്യത്തുതന്നെ തുടരാന്‍ താത്പര്യമുള്ളവര്‍ക്ക് പൊതുമാപ്പ് കേന്ദ്രത്തില്‍ തന്നെ വിവിധ കമ്പനികളുടെ റിക്രൂട്ടിങ് സൗകര്യവും ഉണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5