അബുദാബി യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചത് പ്രകാരം, ഇനി 17 വയസ്സുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടി വാഹനം ഓടിക്കാം. യുഎഇയുടെ പുതിയ ട്രാഫിക് നിയമം അനുസരിച്ച്, 17 വയസ് പൂര്‍ത്തിയായവര്‍ക്ക് ലൈസന്‍സ് നേടാനാകും. നേരത്തെ 17 വയസ്സും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. 2025 മാര്‍ച്ച് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. 17 വയസുള്ളവര്‍ക്കും ലൈസന്‍സ് നേടി വാഹനം ഓടിക്കാമെന്ന് യുഎഇ സര്‍ക്കാരിന്റെ മീഡിയ ഓഫിസ് അറിയിച്ചു. മുന്‍പ്, 18 വയസിനും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മാത്രമേ കാറുകളും ചെറുവാഹനങ്ങളും ഓടിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. കൂടാതെ, വലിയ ശബ്ദം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തും. അപകടങ്ങള്‍ തടയാനല്ലാതെ കാര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗതപരിധിയുള്ള റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാരെ ഇനി അനുവദിക്കില്ല. ഇത് പാലിക്കാത്തവര്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ ബാധ്യത വഹിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. ലഹരിപാനീയങ്ങളുടെയോ ഏതെങ്കിലും മയക്കുമരുന്നിന്റെയോ സ്വാധീനത്തില്‍ വാഹനമോടിക്കുക, വാഹനമിടിപ്പിച്ച് ഓടി രക്ഷപ്പെടുക, നിയുക്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുക, വെള്ളപ്പൊക്ക സമയത്ത് താഴ്വരയില് വാഹനമോടിക്കുക എന്നിങ്ങനെ വിവിധ മാരകമായ കേസുകളില്‍ പ്രതിരോധ ശിക്ഷ നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ വസ്തുക്കളോ അസാധാരണമായ ലോഡുകളോ കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു.
യുഎഇ ഡ്രൈവിങ് ലൈസന്‍സില്‍ ഇന്ത്യയില്‍ വാഹനമോടിക്കാമോ?
യുഎഇ ഡ്രൈവിങ് ലൈസന്‍സില്‍ പുതിയ നിയമം വന്നതിന് പിന്നാലെ ഇന്ത്യയില്‍ ആ ലൈസന്‍സില്‍ വാഹനമോടിക്കാമോ എന്നത് പലരുടെയും സംശയമാണ്. യുഎഇ ലൈസന്‍സില്‍ ഇന്ത്യയില്‍ വാഹനം ഓടിക്കാം. എന്നാല്‍, ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതിനായി ലൈസന്‍സ് ആദ്യം ഇന്റര്‍നാഷണലാക്കി മാറ്റേണ്ടതാണ്. അതിനായി എമിറേറ്റ്സ് പോസ്റ്റ് ഓഫിസിലോ ഏതെങ്കിലും ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലോ ചെന്ന് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം.
യുഎഇ ഡ്രൈവിങ് ലൈസന്‍സ്, എമിറേറ്റ്സ് എഡിയുടെ കോപ്പി, ഒരു പാസ്പോര്ട് സൈസ് ഫോട്ടോ എന്നിവ നല്കി ഫോം പൂരിപ്പിക്കണം. പ്രൊസസിങ് ഫീസ് 220 ദിര്‍ഹം അടച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ലൈസന്‍സ് കൈയില്‍ തരും. ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്ത്യയിലും വാഹനമോടിക്കാം. ഇതിനായി ആര്‍ടി ഓഫിസില്‍ ചെന്ന് ഫോം പൂരിപ്പിച്ച്, ഒറിജിനല്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സ് കാണിച്ച് 2-3 ദിവസത്തിനുള്ളില്‍ ടെസ്റ്റ് കൂടാതെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് നേടാനാകും. എന്നാല്‍, ഈ അനുമതി ഹ്രസ്വകാലത്തേയ്ക്ക് ആയിരിക്കും ലഭിക്കുക. ടൂറിസ്റ്റ് വീസയിലും മറ്റ് ചെറിയ കാലയളവിലെ ബിസിനസ് സന്ദര്‍ശനങ്ങളിലും വരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ സംവിധാനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5