യുഎഇയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി വിവിധ എമിറേറ്റുകൾ. രാജ്യത്തെ ആരാധനാലയങ്ങളും ഈദ് ഗാഹുകളും പെരുന്നാളിനെ വരവേൽക്കാൻ സജ്ജമായി. ദുബായ്, ഷാർജ, ഫുജൈറ എമിറേറ്റുകളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും വമ്പൻ ഓഫറുകൾ നൽകി കൊണ്ട് ആഘോഷങ്ങൾക്ക് തിരിതെളിച്ചു. ദുബായിലെ കരാമ, ഖിസൈസ്, ഷാർജയിലെ റോള, അജ്മാൻ, റാസൽഖൈമ, ഫുജൈറ, മുസഫ, ബനിയാസ്, ഷഹാമ, ഖാലിദിയ, മദീനാ സായിദ്, മുഷ്റിഫ്, അൽഐൻ തുടങ്ങിയ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡുകളിലെല്ലാം ഷോപ്പിംഗിനിറങ്ങിയവരുടെ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. ആദായ വിൽപന പ്രഖ്യാപിച്ച വ്യാപാര സ്ഥാപനങ്ങളിലും ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങളും വിൽക്കുന്ന കടകളിലും തിരക്ക് കൂടുകയാണ്. ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ ഹാഫ് പേ ബാക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 200 ദിർഹത്തിന് വസ്ത്രം, ചെരിപ്പ് എന്നിവ വാങ്ങുമ്പോൾ 100 ദിർഹത്തിന്റെ വൗച്ചർ തിരിച്ചു നൽകുന്നതാണ് ഓഫർ.
യുഎഇയിലെ പെരുന്നാൾ അവധി നാളെയാണ് ആരംഭിക്കുന്നത്. 18 വരെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അവധിയായിരിക്കും. പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പൊതു വിനോദയിടങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാണ്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. റോഡിൽ വാഹനവുമായി അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെയും അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ നിർദേശമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq