യുഎഇയിൽ കേടായതും ദ്രവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെന്ന് പൊലീസ്. 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തും. കൂടാതെ വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വേനൽക്കാലത്ത് കേടായ ടയറുകൾ ഉപയോഗിക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടസാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിൽ പൊലീസ് ക്യാമ്പയിൻ ആരംഭിച്ചു. സുരക്ഷിത വേനൽ, അപകടരഹിത വേനൽ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പൊലീസ് മുന്നറിയിപ്പ്.
കേടുപാടുകൾ, വിള്ളൽ എന്നിവ സംഭവിച്ച ടയറുകൾക്ക് റോഡിലെ ചൂട് താങ്ങാൻ കഴിയാതെവരികയും അവ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 22 അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാലാവധി കഴിഞ്ഞിട്ടും വീണ്ടും ടയർ ഉപയോഗിക്കുക, ഗുണമേന്മയില്ലാത്ത ടയറുകൾ ഉപയോഗിക്കുക, അമിതഭാരം, അമിത ചൂട് എന്നിവയെല്ലാം അപകടങ്ങൾക്ക് കാരണമാകാറുണ്ട്. വേനൽചൂട് വർധിക്കുന്നതിനാൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തണമെന്ന് പൊലീസ് നിർദേശിച്ചു. നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധനകളാണ് നടക്കുന്നത്.
ടയർ കൃത്യമായി മാറ്റാത്തതും അറ്റകുറ്റപണികൾ നടത്താത്തതും മൂലം കഴിഞ്ഞ വർഷം വേനലിൽ അബുദാബിയിൽ 13, ദുബായിൽ 4, റാസൽഖൈമയിൽ 3, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ ഒരു അപകടവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞവർഷം 18,145 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq