ഇത് ദൃശ്യ പൈ, ദുബായിൽ താമസമാക്കിയ തനി മലയാളി. മിക്ക സ്ത്രീകളിലുണ്ടാകുന്ന അവസ്ഥയാണ് പ്രസവാനന്തര വിഷാദരോഗം. ഈ അവസ്ഥയിൽ കൂടി ദൃശ്യയും കടന്നുപോയിട്ടുണ്ട്. അതോടൊപ്പംം താനറിയാതെ ശരീരത്തിന്റെ വലിപ്പം കൂടുന്നത് ദൃശ്യയിൽ നിരാശ ഉണ്ടാക്കിയെങ്കിലും അതിലൊന്നും പതാറാതെ തനിയെ പോരാടാൻ അവൾ തീരുമാനിച്ചു. അങ്ങനെ 20 കിലോ ഈ 29കാരിയായ ആലപ്പുഴക്കാരി മിടുക്കി കുറച്ചു. അതും സ്വന്തമായി പടുത്തുയർത്തിയ ഫിറ്റ്നസ് സെന്ററിലൂടെ. ഇപ്പോൾ തന്നെപ്പോലെ ശാരീരികവിഷമതകൾ നേരിടുന്ന അമ്മമാർക്ക് പ്രസവാനന്തര വെല്ലുവിളികളെ ചെറുത്തുനിൽക്കാൻ കൈത്താങ്ങാകുകയാണ് ദൃശ്യ. എഞ്ചിനീയറിങ് ആണ് ദൃശ്യയുടെ കരിയർ. 2018 ലാണ് ദൃശ്യ യുഎഇയിലേക്ക് ചേക്കേറിയത്. 2019 ൽ അരവിന്ദിനെ വിവാഹം കഴിക്കുകയും വൈകാതെ തന്നെ 2021 ൽ ധ്രുവൻ എന്ന ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. മകന്റെ ജനനത്തിന് പിന്നാലെ പലതരത്തിലുള്ള വെല്ലുവിളികൾ ദൃശ്യയ്ക്ക് നേരിടേണ്ടി വന്നു. ഗർഭധാരണത്തിനു മുമ്പുള്ള ഭാരത്തേക്കാൾ 20 കിലോഗ്രാം കൂടുതൽ ഭാരം, കഠിനമായ പുറം വേദന, പ്രസവാനന്തര ഒറ്റപ്പെടൽ, വിഷാദം എന്നിവ കൂടാതെ കോവിഡ് നൽകിയ ഒറ്റപ്പെടലും ദൃശ്യയെ കൂടുതൽ വഷളാക്കി. കുഞ്ഞിന് ഭക്ഷണം കൊടുക്കാനോ, ഡയപ്പർ മാറ്റാൻ കുനിയാനോ, അധികനേരം ഇരിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് ദൃശ്യ പറയുന്നു. പിന്നാലെ, സ്വന്തമായി ശരീരം പഴയതുപോലെ ആക്കണമെന്ന് ദൃശ്യ തീരുമാനിച്ചു. നാല് ദിവസം നീണ്ട യൂ ട്യൂബ് തെരച്ചിലിൽ വർക്കൗട്ട് വീഡിയോകൾ കണ്ടു. തനിക്കൊരു സ്പെഷ്യലൈസ്ഡ് പരിശീലകൻ വേണമെന്ന് ദൃശ്യയ്ക്ക് തോന്നി. പ്രസവത്തിനു മുമ്പും ശേഷവുമുള്ള ഫിറ്റ്നസ് പരിശീലനത്തിൽ അവൾ സർട്ടിഫിക്കറ്റുകൾ നേടി. ഇപ്പോൾ ലെവൽ 4 ന്റെ വ്യക്തിഗത പരിശീലകയാണ് ദൃശ്യ. തൻ്റെ യാത്രയും പ്രസവാനന്തര ശാരീരികക്ഷമതയെക്കുറിച്ചുള്ള വിദ്യകളും പങ്കിടാൻ ദൃശ്യ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി. ശരീരഭാരം കുറയ്ക്കൽ, ഫിറ്റ്നസ്, വീണ്ടെടുക്കൽ എന്നിവയ്ക്ക് അനുയോജ്യമായ ഇഷ്‌ടാനുസൃതവും സമയബന്ധിതമല്ലാത്തതുമായ കോച്ചിങ് പ്രോഗ്രാമുകൾ ഈ പ്ലാറ്റ്ഫോമിലൂടെ പങ്കുവെയ്ക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5