യുഎഇയിൽ മഴ പെയ്യിക്കാനും എഐ; ക്ലൗഡ് സീഡിങിലൂടെ എഐ മഴ പെയ്യിക്കുന്നത് എങ്ങനെ?

അബുദാബി: കൃത്രിമമായി മഴ പെയ്യിക്കാൻ യുഎഇ വിവിധ ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ നടത്തിവരുന്നുണ്ട്. രാജ്യത്ത് ജലക്ഷാമത്തിന് പരിഹാരം കാണാൻ സാങ്കേതികവിദ്യകളിൽ വൻതോതിലുള്ള നിക്ഷേപമാണ് യുഎഇ നടത്തിവരുന്നത്. ഇപ്പോഴിതാ ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായം ഉപയോ​ഗപ്പെടുത്തുകയാണ് യുഎഇ. ക്ലൗഡ് സീഡിങ് സങ്കേതികവിദ്യ ഉപയോ​ഗിക്കുന്നതുവഴി രാജ്യത്ത് 15 ശതമാനം മഴയുടെ വർധനവ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച അബുദാബിയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) ഉന്നത ഉദ്യോഗസ്ഥർ ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ ഉത്തമീകരിക്കുന്നതിനും കൂടുതൽ കാര്യക്ഷമവും ‍പ്രത്യേക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയും മഴ വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും എഐ നിർണായകമാണെന്ന് വിശദീകരിച്ചു. ‘മേഘങ്ങളുടെ ആയുസ് വളരെ ചെറുതാണ്. അതിനാൽ ഏതൊക്കെ സ്ഥലങ്ങളിലാണ് മേഘങ്ങൾ ഉള്ളതെന്ന് കൃത്യമായി തിരിച്ചറിയുകയും അവിടങ്ങളിൽ ക്ലൗഡ് സീഡിങ് നടത്തി മഴ പെയ്യിക്കുന്നതിനും എഐയുടെ സഹായത്തോടെ സാധിക്കും. നിലവിൽ ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യശേഷി ഉപയോഗിച്ചാണ് ചെയ്യുന്നത്. എന്നാൽ, എഐ ഉപയോഗിക്കുന്നതിലൂടെ മേഘങ്ങളുള്ള സ്ഥലങ്ങൾ കൂടുതൽ കൃത്യതയോടെ തിരിച്ചറിഞ്ഞ് മഴ പെയ്യിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനാവും. എഐ അൽഗൊരിതങ്ങൾ ഉപയോഗിച്ച്, കാലാവസ്ഥാ നിരീക്ഷകർക്ക് വലിയ അളവിലുള്ള കാലാവസ്ഥാ ഡാറ്റ തത്സമയം വിശകലനം ചെയ്യാൻ കഴിയും. ക്ലൗഡ് സീഡിങ്ങിനുള്ള മികച്ച സമയങ്ങളും സ്ഥലങ്ങളും പ്രവചിക്കാൻ ഇതുവഴി സാധിക്കും’, നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ യസീദി പറഞ്ഞു. രാജ്യത്തിൻറെ ക്ലൗഡ് സീഡിങ് ദൗത്യങ്ങൾ വഴി 84 മുതൽ 419 ദശലക്ഷം ക്യുബിക് മീറ്റർ വരെ ഉപയോഗയോഗ്യമായ ജല ലഭ്യത ഉറപ്പുവരുത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ഇത് യുഎഇയിൽ പ്രതിവർഷം ലഭിക്കുന്ന ഏകദേശം 6.7 ബില്യൺ ക്യുബിക് മീറ്റർ മഴയുടെ പ്രധാനപ്പെട്ട ഭാഗമാണ്. ക്ലൗഡ് സീഡിങ്ങിനായുള്ള ഓരോ ഫ്‌ളൈറ്റ് മണിക്കൂറിനും ഏകദേശം 29,000 ദിർഹം (8,000 ഡോളർ) ചെലവു വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy