വാഷിങ്ടൺ: ‘അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’ ഇതായിരിക്കും, രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയം’, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ. 270 ഇലക്ട്രൽ വോട്ടുകളിൽ 267 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് നിലവിലുള്ളത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് 224 വോട്ടുകൾ മാത്രമാണ് നേടാനായത്. വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
സ്വിങ്സ്റ്റേറ്റുകളിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിന്റെ മുന്നേറ്റം. സെനറ്റിലും റിപ്പബ്ലിക്കന്‍ ആധിപത്യമാണ്. ഏറ്റവുമധികം ഇലക്ടറല്‍ വോട്ടുകളുള്ള പെനിസില്വേനിയയും പിടിച്ചെടുത്തതോടെയാണ് ട്രംപിന്റെ ആധിപത്യം പൂര്‍ണമായത്. ‘അമേരിക്ക കാണാത്ത രാഷ്ട്രീയ മുന്നേറ്റമാണിത്. നോര്‍ത്ത് കാരൊളൈനയിലെയും ജോര്‍ജിയയിലെയും ജനങ്ങളുടെ സ്നേഹത്തിന് നന്ദി, ദൈവം തന്റെ ജീവന് രക്ഷിച്ചതിന് ഒരു കാരണമുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കും’, ട്രംപ് പറഞ്ഞു. ‘പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയതും സെനറ്റില്‍ ശക്തരായതും ഗംഭീരനേട്ടമെന്ന്’ ട്രംപ് വിശേഷിപ്പിച്ചു. ‘ഏറ്റവും മികച്ച ജോലിയാണ് അമേരിക്കന്‍ ജനത എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ആദ്യടേമില്‍ വളരെ ലളിതമായ ശൈലിയാണ് സ്വീകരിച്ചത്. വാഗ്ദാനങ്ങള്‍ നല്കി, വാഗ്ദാനങ്ങള്‍ പാലിച്ചു. അതുതന്നെ ഇനിയും തുടരു’മെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെഡി വാൻസ് ആണെന്ന് ട്രംപ് പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അതേസമയം, ഇന്നത്തെ ഡമോക്രാറ്റിക് വാച്ച്പാര്ട്ടിയില് കമല ഹാരിസ് പങ്കെടുക്കില്ല. നാളെ സംസാരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5